കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് (42) പിടിയില്‍.
തമിഴ്നാട്ടിലെത്തി കൊല്ലം ഷാഡോ പൊലീസ് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. വാല്‍പ്പാറയിലെ ഒളിത്താവളത്തില്‍ നിന്നുമാണ് വിജു സുരേഷ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ചാണ് തമിഴ്നാട് സ്വദേശി തങ്കപ്പനെ ഇയാള്‍ കൊലപ്പെടുത്തിയത്. സമാന രീതിയില്‍ കല്ലുവാതുക്കലില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ വയോധികനെയും കൊലപെടുത്തി. മെയ് 25-ന് കമ്മീഷണർ ഓഫീസിന് സമീപം നടന്ന കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിവിജു സുരേഷ് ആണെന്ന് പൊലീസ് ഉറപ്പിച്ചത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാരിപ്പള്ളി കൊലപാതകത്തിലും വിജു തന്നെയെന്ന് വ്യക്തമായത്. ഇരകളായ രണ്ടുപേരും തെരുവില്‍ അന്തിയുറങ്ങിയിരുന്ന വയോധികരായിരുന്നു. ആശ്രയമില്ലാതെ തെരുവില്‍ കഴിയുന്നവരെ കണ്ടെത്തി, രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയുധം കൊണ്ട് തലയ്ക്കടിക്കും. ചോര വാർന്നു മരിക്കുന്നത് കാണുന്നതാണ് കൊലയാളിയുടെ ക്രൂരവിനോദം. പ്രതി തമിഴ്നാട് അതിർത്തി കടന്നെന്ന സൂചന ലഭിച്ചതോടെയാണ് എസിപിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വാല്‍പ്പാറയിലെത്തി പ്രതിയെ പിടികൂടിയത്.