കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; വി ഡി സതീശനും ചടങ്ങില്‍.

കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ ലോക് ഭവനിലുള്ള ഗ്ലാസ് ഹൗസില്‍ വൈകിട്ട് 4 മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ഔദ്യോഗിക പദവിയുടെയും രഹസ്യാത്മകതയുടെയും സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.‌ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

64 കാരനായ വൊക്കലിംഗ നേതാവായ ഡികെയെ പാർട്ടിയില്‍ നടന്ന തീവ്രമായ കൂടിയാലോചനകള്‍ക്കൊടുവില്‍ മെയ് 30-നാണ് കോണ്‍ഗ്രസ് നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ആഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് ശിവകുമാറിന്റെ ഈ പദവി ആരോഹണം.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, ശിവകുമാർ, സിദ്ധരാമയ്യ എന്നിവർ പങ്കെടുത്ത സങ്കീർണ്ണമായ ചർച്ചകള്‍ക്കൊടുവിലാണ് ഈ അധികാര കൈമാറ്റം സാധ്യമായത്.

കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ഡി കെക്കൊപ്പം 13 എം എല്‍ എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതില്‍ മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഉള്‍പ്പെടുന്നു.

ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി കെ എസ് എന്നറിയപ്പെടുന്ന ഡി കെ ശിവകുമാർ എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായിരുന്നു. 1962 മേയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തില്‍ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബെംഗളൂരുവിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളജില്‍നിന്ന് ബിരുദവും കർണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമക്കി.
Previous Post Next Post