നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയോ മെലാനിക്ക് ഒരു പാക്കറ്റ് മിഠായി നല്‍കിയപ്പോള്‍ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞന്‍ ഇന്ത്യന്‍ കമ്പനിയുടെ ഓഹരിയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു.
പാര്‍ലെ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ താഴേക്ക് പോയിക്കൊണ്ടിരുന്ന ഓഹരികളാണ് കുതിച്ചത്. അതിന്റെ പ്രധാന കാരണം മോദി മെലാനിക്ക് നല്‍കിയ മിഠായിയുടെ പേരാണ് -'മെലഡി'.
മോദി മെലാനിക്ക് മിഠായി നല്‍കിയതോടെ മെലഡി മിഠായി വൈറലായി. എഫ്‌എംസിജി രംഗത്തെ പ്രമുഖരായ പാര്‍ലെ പ്രൊഡക്സ് ആണ് മോദി നല്‍കിയ മെലഡി മിഠായിയുടെ നിര്‍മാതാക്കള്‍. എന്നാല്‍, ഇവര്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. പാര്‍ലെ തിരഞ്ഞ് പോയവര്‍ക്ക് കിട്ടിയതാകട്ടെ പാര്‍ലെ ഇന്‍ഡസ്ട്രീസ് എന്ന ഇന്ത്യന്‍ കമ്പനിയെയാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍, പേപ്പര്‍ മാലിന്യ സംസ്‌കരണം, റീസൈക്ലിങ് തുടങ്ങിയ ബിസിനസുകളാണ് പാര്‍ലെ ഇന്‍ഡസ്ട്രീസ് ചെയ്യുന്നത്. വെറും 27 കോടി രൂപ മാത്രമാണ് ഇവരുടെ മാര്‍ക്കറ്റ് കാപ്പിറ്റല്‍. പ്രമോട്ടര്‍ ഹോള്‍ഡിങ് ഇല്ലാത്ത കമ്പനിയുടെ മുഴുവന്‍ ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലാണ്.
മെലഡി ഹിറ്റായതോടെ ഇന്നലെ തന്നെ ഓഹരി അപ്പര്‍ സര്‍ക്യൂട്ട് ഭേദിക്കുകയും ചെയ്തു. ഓഹരിയുടെ പ്രതിദിന വിലക്കയറ്റത്തിന്റെ നിയന്ത്രണപരിധിയെയാണ് അപ്പര്‍ സര്‍ക്യൂട്ട് എന്ന് പറയുന്നത്. ഇന്നും അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരി. അവസാന ആറ് മാസം 42 ശതമാനം ഇടിഞ്ഞ ഓഹരി വെറും രണ്ട് ദിവസം കൊണ്ട് 10 ശതമാനമാണ് ഉയര്‍ന്നത്. ഓഹരിയുടെ ട്രേഡിങ് വോള്യത്തിലും വലിയ കുതിപ്പുണ്ടായി.