മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍
മലയാളിമനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ത്ത സുകൃതമാണ് മോഹന്‍ ലാല്‍. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ കുസൃതിയില്‍ നിന്നും കുടിലതയിലേക്കും ക്രൗര്യത്തിലേക്കും കൂടുമാറുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ തുടങ്ങി, മലയാളികളുടെ ഹൃദയമിടിപ്പായി മാറിയ എത്രയെത്ര കഥാപാത്രങ്ങള്‍ അദ്ദേഹത്തിലൂടെ നമ്മുക്ക് ലഭിച്ചു. 'രാജാവിന്റെ മകന്‍' എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ ലാല്‍ എന്ന നടന്‍ മാസ്മരികമായ ഒരു നായകസങ്കല്‍പ്പത്തിന് അടിത്തറയിട്ടു.
മീശപിരിച്ചും മുണ്ടു മടക്കിക്കുത്തിയും ആ നടന്‍ മലയാളിക്ക് പൗരുഷത്തിന്റെ പുതിയൊരു മുഖം സമ്മാനിച്ചു. അമ്മയോടുള്ള വാത്സല്യമായി, കാമുകിയോടുള്ള പ്രണയമായി, സുഹൃത്തിനോടുള്ള വിശ്വസ്തതയായി, ശത്രുവിനോടുള്ള വീര്യമായി മോഹന്‍ലാല്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. അഭിനയം എന്നത് വേഷപ്പകര്‍ച്ചകളല്ല, മറിച്ച് ആത്മാവിന്റെ ആവിഷ്‌കാരമാണെന്ന് തെളിയിച്ച മഹാപ്രതിഭയ്ക്ക് മുന്നില്‍ കാലം ഇനിയും വിസ്മയത്തോടെ കാത്തുനില്‍ക്കും.