ബിജെപിയെ മറികടന്ന 'പാറ്റ പാര്‍ട്ടി'; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച പുതിയ 'ട്രെൻഡ്',എന്താണ് 'കോക്രോച്ച് ജനതാ പാർട്ടി'?

രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട് ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധം ഇപ്പോൾ വൻ രാഷ്ട്രീയ ജനകീയ മുന്നേറ്റമായി മാറുന്നു. ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ‘എക്സ്’പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മ ദിവസങ്ങൾ കൊണ്ട് 56 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി സോഷ്യൽ മീഡിയയെ പാടെ ഉലയ്ക്കുകയാണ്. പുതിയ തലമുറയിലെ (ജെൻ-സി) യുവാക്കൾ ഈ പ്രസ്ഥാനത്തെ കൂട്ടത്തോടെ ഏറ്റെടുത്തതോടെ രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വേറിട്ട ഓൺലൈൻ മൂവ്മെന്റായി സിജെപി മാറിയിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും ഈ ആക്ഷേപഹാസ്യ പാർട്ടിയിൽ അംഗത്വമെടുത്തതോടെ കളി കാര്യമായിരിക്കുകയാണ്.

കഴിഞ്ഞയാഴ്‌ച കോടതി നടപടികൾക്കിടെയായിരുന്നു യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും കടന്നാക്രമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വിവാദ പരാമർശം നടത്തിയത്. യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കൾ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകായി മാറി സമൂഹത്തെ കടന്നാക്രമിക്കുകയാണെന്നും, ഇത്തരക്കാർ പാറ്റകളെപ്പോലെ പെരുകുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ നിരീക്ഷണങ്ങൾ ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തിയെങ്കിലും യുവാക്കളുടെ അമർഷം അടങ്ങിയില്ല. മുൻ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ വോളന്റിയറും നിലവിൽ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയുമായ 30 കാരനായ അഭിജീത് ദിപ്കെ മെയ് 16-ന് എക്സിൽ ഒരു ഗൂഗിൾ ഫോം പങ്കുവെച്ചുകൊണ്ടാണ് ഈ വേറിട്ട പ്രതിഷേധത്തിന് തുടക്കമിട്ടത്.

ഭരണഘടനയുടെ കാവൽക്കാരനാകേണ്ട ചീഫ് ജസ്റ്റിസ് തന്നെ യുവാക്കളെ തരംതാഴ്ത്തിയതിനെതിരെ,”ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാറ്റ എന്ന ഐഡന്റിറ്റി സ്വീകരിക്കേണ്ടി വന്നാൽ ഞങ്ങൾ അതിന് തയ്യാറാണ്” എന്ന സന്ദേശത്തോടെയാണ് സിജെപി രൂപീകരിച്ചതെന്ന് അഭിജീത് പറയുന്നു. പാറ്റകൾ അഴുക്കിലാണ് ജീവിക്കുന്നത് എന്നതുകൊണ്ട് രാജ്യത്തിന്റെ വ്യവസ്ഥിതി അത്രമാത്രം ചീഞ്ഞുനാറിയിരിക്കുന്നു എന്ന പരിഹാസവും ഇതിന് പിന്നിലുണ്ട്. ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു മതേതര, സോഷ്യലിസ്റ്റ് കൂട്ടായ്മയായാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. എഐ ടൂളുകളുടെ സഹായത്തോടെ നിർമ്മിച്ച ഇവരുടെ വെബ്‌സൈറ്റിൽ “അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന ടാഗ്‌ലൈനോടെ പുറത്തിറക്കിയ പ്രകടന പത്രികയും വലിയ രീതിയിൽ വൈറലാവുകയാണ്.

വനിതകൾക്ക് കാബിനറ്റ് പദവികളിൽ 50% സംവരണം, പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തെ വിലക്ക്, വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ പദവി നൽകുന്നത് നിരോധിക്കുക, ‘ഗോദി മീഡിയ’ അവതാരകരുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷിക്കുക തുടങ്ങിയ കടുത്ത വ്യവസ്ഥകളാണ് ഇവരുടെ മാനിഫെസ്റ്റോയിലുള്ളത്. നികുതിപ്പണം മുക്കി ദാവോസിൽ അവധിക്കാലം ആഘോഷിക്കാനല്ല, പണം എങ്ങോട്ട് പോയി എന്ന് ഉച്ചത്തിൽ ചോദിക്കാനാണ് തങ്ങൾ വന്നതെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ ഉള്ളവർ, പ്രൊഫഷണലായി ആക്രോശിക്കാൻ കഴിയുന്നവർ എന്നിവർക്കെല്ലാം ഈ പാർട്ടിയിൽ അംഗമാകാം. തങ്ങൾ കോൺഗ്രസോ ബിജെപിയോ അല്ല, ഇനി ‘സിജെപി’ ആണെന്ന് പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ജെൻ-സി യുവാക്കൾ റീലുകളുമായി രംഗത്തിറങ്ങിയതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്രതിരോധമായി മാറുകയാണ് ഈ ‘പാറ്റാ പാർട്ടി’.
Previous Post Next Post