തലസ്ഥാനത്തെ വെള്ളക്കെട്ട്; ഓടകള്‍ വൃത്തിയാക്കിയിട്ടുണ്ടെന്നും നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും മേയര്‍.

തലസ്ഥാനത്ത് വെള്ളക്കെട്ടിനെ നേരിടാനുള്ള കോർപ്പറേഷന്റെ മുന്നൊരുക്കങ്ങള്‍ പാളിയിട്ടില്ലെന്നും തങ്ങളുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകള്‍ വൃത്തിയാക്കിയിട്ടുണ്ടെന്നും മേയർ വി.വി.രാജേഷ്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട മേയർ നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

നഗരത്തില്‍ വെള്ളക്കെട്ടിന് കാരണമായ വെള്ളം വരുന്നത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളില്‍ നിന്നല്ലെന്നും മേയർ കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മേയർ.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികള്‍ നിറഞ്ഞൊഴുകിയതും ഓടകളില്‍ മാലിന്യം മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താല്‍ പോലും നഗരത്തില്‍ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല.

വരാനിരിക്കുന്ന കാലവർഷത്തിന് മുൻപ് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ തലസ്ഥാന നഗരം വെള്ളക്കെട്ടിലാകുന്ന ഗുരുതര സാഹചര്യമാകും സംഭവിക്കുകയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Previous Post Next Post