നെടുമങ്ങാട് അമ്മയുടെയും രണ്ടാനച്ഛന്റേയും മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട ഒന്നര വയസുകാരൻ നേരിട്ടത് ക്രൂരപീഢനം.കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് കസ്റ്റഡിലെടുത്ത രണ്ടാനച്ഛന്റെയും അമ്മയുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അമ്മ അഖില, രണ്ടാനച്ഛൻ അസ്കർ എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മർദ്ദിക്കുന്നതായി താൻ കണ്ടിട്ടുണ്ടെന്ന് അമ്മ തുറന്ന് സമ്മതിക്കുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് ഒന്നും രണ്ടാനച്ഛൻ മറുപടി നല്‍കിയിരുന്നില്ല. അന്വേഷണത്തില്‍ കുട്ടിയുടെ ജനനേന്ദ്രീയത്തില്‍ ആഴത്തില്‍ മുറിവും കാലില്‍ പൊള്ളിച്ചതിന്റെയും പാടുകള്‍ കണ്ടെത്തി.ഉച്ചയ്ക്ക് ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്. എന്നാല്‍ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു. ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഒടിച്ചതായും അമ്മ കുട്ടിയെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ലെന്നും പരാതി ഉയർന്നു. സംഭവം നടക്കുമ്പോള്‍ മാതാവ് അഖില തമിഴ്‌നാട്ടില്‍ നൃത്ത പരിപാടിയിലായിരുന്നു.