പി.എസ്.സി പരീക്ഷയില്‍ സ്മാര്‍ട്ട് ഫോണും ക്യാമറയുള്ള ബ്ലൂടൂത്തും ഉപയോഗിച്ച്‌ കോപ്പിയടി: തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് പി.എസ്.സി. പരീക്ഷയില്‍ സ്മാർട്ട് ഫോണും ക്യാമറയുള്ള ബ്ലൂടൂത്തും ഉപയോഗിച്ച്‌ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർഥിയും സഹായിയും പിടിയില്‍.
പരീക്ഷയെഴുതിയ തിരുവനന്തപുരം മുല്ലൂർ കാർത്തിക നിവാസില്‍ അനീഷ് ബാബു (33), ഇയാളെ പുറത്തുനിന്ന് സഹായിച്ച തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് അരുണ്‍ (28) എന്നിവരാണ് പിടിയിലായത്. കാലടി ഗവ. ഹൈസ്കൂളില്‍ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെയാണ് കോപ്പിയടി നടത്തിയത്.

പി.എസ്.സി. പരീക്ഷയ്ക്ക് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ക്ലാസില്‍ കൊണ്ടുപോകുന്നതിന് കർശനവിലക്കുണ്ട്. എന്നാല്‍, ഉദ്യോഗാർഥി രണ്ട് സ്മാർട്ട് ഫോണും ക്യാമറയുള്ള ബ്ലൂടൂത്തും പരീക്ഷാഹാളിലെത്തിച്ചു. തുടർന്ന് മൊബൈലില്‍ ചോദ്യപേപ്പർ പകർത്തിയശേഷം പുറത്ത് നിന്ന സുഹൃത്തിന് അയച്ചുകൊടുത്തു.

സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയും അനീഷ് ബ്ലൂടൂത്ത് വഴി കേട്ടെഴുതുകയും ചെയ്തു. ഇത് കണ്ട ഇൻവിജിലേറ്റർ തട്ടിപ്പ് പിടികൂടുകയായിരുന്നു. തുടർന്ന് ഫോർട്ട് പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കുമുൻപ് കണ്ണൂരിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു.
Previous Post Next Post