ഒന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് നയിക്കുന്ന ഒരു മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കുകയാണ്. അതിരാവിലെ മുതൽ വൻ ജനാവലിയാണ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ ഉള്ള ടീം യുഡിഎഫ് അധികാരത്തിൽ വരുന്നത് കാണാൻ എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കൃത്യം 10 മണിയ്‌ക്ക് തന്നെ ചടങ്ങുകള്‍ ആരംഭിക്കും. ഒൻപത് മണിവരെയാണ് സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രല്‍ സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാനാകുക. തമിഴ്‌നാട്ടില്‍ വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത് പോലെ വേദിയില്‍ വിവിഐപികള്‍ക്കും പ്രവേശനം അനുവദിക്കണെന്ന് സർക്കാർ ലോക്‌ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ലോക്‌ഭവൻ നല്‍കിയ നിർദ്ദേശം അനുസരിച്ച് ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ മതിയെന്നായിരുന്നു തീരുമാനം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെയും മറ്റും വിവിധ സംസ്ഥാനങ്ങളിലെ ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ, മറ്റ് വിശിഷ്‌ടാതിഥികള്‍ എന്നിവരുണ്ടാകുമെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവർണറെ അറിയിച്ചതിന് പിന്നാലെയാണ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മതിയെന്ന് നിർദ്ദേശം വന്നത്. നിലവില്‍ സെൻട്രല്‍ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. 12000 പേർക്ക് ചടങ്ങ് കാണാനാണ് ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീടത് 15000 ആയി ഉയർത്തി. കാണികള്‍ക്ക് എളുപ്പത്തിനായി വലിയ സ്‌ക്രീനുകളിലും ചടങ്ങ് വീക്ഷിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.