ആവോളം അനുഭവസമ്പത്തുമായി തിരുവഞ്ചൂര് രാധാകൃഷ്ണന് നിയമസഭാ സ്പീക്കറാകും.തിരുവഞ്ചൂര് രാധാകൃഷ്ണന് ഇത്തവണ വിജയിച്ചപ്പോള് കോട്ടയം നഗരമധ്യത്തില് ഉയര്ന്ന ബോര്ഡില് ഇങ്ങനെയാണ് എഴുതിയിരുന്നത്. “കോട്ടയത്തിന് ഹൃദയത്തിന്റെ ഭാഷയില് നന്ദി- എന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്’’.
കോട്ടയത്തിന്റെ ഹൃദയപക്ഷമായി മാറിയിരിക്കുകയാണ് ഇന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. ബാലജനസഖ്യം, കെഎസ്യു തുടങ്ങിയ സംഘടനാ പ്രവര്ത്തനങ്ങളിലൂടെ പൊതുപ്രവര്ത്തനരംഗത്തേക്ക് എത്തി. 1967ല് കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റ്, 1969ല് കെഎസ്യു സംസ്ഥാന ജനറല് സെക്രട്ടറി, 1971ല് കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എന്നീ പദവികള് വഹിച്ചാണു തിരുവഞ്ചൂര് രാധാകൃഷ്ണന് നേതൃനിരയിലേക്ക് എത്തിയത്.
1974-77 കാലഘട്ടത്തില് കെഎസ്യു സംസ്ഥാന പ്രസിഡന്റ്, 1978-82 വരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി, 1982-84 വരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്, 1984-2001 വരെ കെപിസിസി ജനറല് സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചു മികച്ച സംഘാടകനായി നേതൃപാടവം തെളിയിച്ചു.
1986- മുതല് 1996 വരെ കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയുടെ സിന്ഡിക്കറ്റംഗമായിരുന്നു. 1991 ല് അടൂര് നിയോജക മണ്ഡലത്തില് നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. തുടര്ന്നു വന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അടൂരില്നിന്നു തന്നെ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. ഓരോ തവണയും ഭൂരിപക്ഷം ഉയര്ത്തിക്കൊണ്ടേയിരുന്നു. 1991ല് 5,767 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കില് നാലാം തവണ 2006 ലെ തെരഞ്ഞെടുപ്പില് ഭൂരിപക്ഷം 18,464 ലേക്ക് ഉയര്ന്നിരുന്നു. 2011 ല് അടൂരിനെ സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതോടെ കോട്ടയം മണ്ഡലം തട്ടകമാക്കി.
20 വര്ഷം അടൂരിന്റെ പ്രതിനിധിയായാണ് നിയമസഭയിലെത്തിയതെങ്കിലും ജന്മനാടായ കോട്ടയത്തോടുള്ള ആത്മബന്ധം എന്നും നിലനിര്ത്തിയിരുന്നു. 2011 ല് കോട്ടയത്തുനിന്ന് 711 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പക്ഷേ, 2016 ലെ തെരഞ്ഞെടുപ്പുഫലം എല്ലാവരെയും ഞെട്ടിച്ചു.
ഏറ്റവും കൂടുതല് ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് എത്തിയ കോണ്ഗ്രസ് എംഎല്എയായിരുന്നു തിരുവഞ്ചൂര് രാധാകൃഷ്ണന്. 2016 ലെ ഭൂരിപക്ഷം 33,632 വോട്ടായാണ് വര്ധിപ്പിച്ചത്.
2004-2006 വര്ഷങ്ങളില് ജലസേചനം, വനം, ആരോഗ്യം, പാര്ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2011-16 കാലത്ത് റവന്യു, ആഭ്യന്തരം, വിജിലന്സ്, വനം-പരിസ്ഥിതി, ഗതാഗതം, സ്പോര്ട്സ്, സിനിമ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത് ഏത് വകുപ്പും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഈ കാലയളവിലാണ് ബെസ്റ്റ് മിനിസ്റ്റര് അവാര്ഡ് അദ്ദേഹത്തെ തേടിയെത്തുന്നത്.
കോട്ടയം എംടി സെമിനാരി സ്കൂളില് നിന്ന് എസ്‌എസ്‌എല്സിയും കോട്ടയം ബസേലിയസ് കോളജില്നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്നിന്ന് എല്എല്ബിയും നേടി. 1949 ഡിസംബര് 26നു ജനിച്ച തിരുവഞ്ചൂര് രാധാകൃഷ്ണന്റെ മാതാപിതാക്കള് കെ.പി. പരമേശ്വരന് പിള്ളയും ഗൗരിക്കുട്ടിയമ്മയുമാണ്. ഭാര്യ ലളിതാംബിക , ഡോ. അനുപം രാധാകൃഷ്ണന്, അര്ജുന് രാധാകൃഷ്ണന്, ആതിര രാധാകൃഷ്ണന് എന്നിവരാണ് മക്കള്.