കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി ഖാര്‍ഗെയുടെ വീട്ടില്‍ എത്തി.
ഇന്നലെതന്നെ പ്രഖ്യാപനം വരുമെന്ന് എഐസിസിയില്‍നിന്നു സൂചനകളുണ്ടായിരുന്നെങ്കിലും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും വൈകി. രാത്രി എട്ടോടെയാണു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്.
ജനവികാരം പ്രതിപക്ഷനേതാവ് വി.ഡി.സതീശന് അനുകൂലമാണെന്നു കെ.മുരളീധരന്‍ രാഹുലിനെ അറിയിച്ചെന്നാണു സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി.എം.സുധീരനും ഇതേ നിലപാട് അറിയിച്ചതായി വിവരമുണ്ട്. രാഹുലിനോടു പറഞ്ഞത് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് എം.എം.ഹസന്‍ പറഞ്ഞൊഴിഞ്ഞു. പുറമേ സമാന നിലപാട് പറഞ്ഞ സുധാകരന്‍, കൂടിക്കാഴ്ചയില്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വാദങ്ങളാണ് ഉയര്‍ത്തിയത്. മറ്റൊരു മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണില്‍ രാഹുലുമായി സംസാരിച്ചു.
തെരുവുപ്രകടനങ്ങളിലൂടെയുള്ള സമ്മര്‍ദം നല്ലതല്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. കെ.സി.വേണുഗോപാലിനു വേണ്ടി രംഗത്തുള്ള വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ പിന്തുണയെ ന്യായീകരിക്കുന്ന വാദങ്ങള്‍ അവതരിപ്പിച്ചു.
സോണിയ ഗാന്ധി മുസ്ലിം ലീഗിന്റെയും മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെയും അഭിപ്രായം തേടി. സോണിയയുടെ അന്തിമതീര്‍പ്പ് കൂടിയാകുന്നതോടെ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ ദിവസം രാഹുലുമായി കൂടിക്കാഴ്ച നടത്തിയ പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായം തീരുമാനത്തെ സ്വാധീനിക്കുമെന്നു കരുതുന്നവരുണ്ട്. കര്‍ണാടകയില്‍നിന്നു മടങ്ങിയെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ആശയവിനിമയം നടത്തി അന്തിമ തീരുമാനം ആയെന്നാണ് സൂചന.