സ്വര്‍ണം ഞെട്ടിച്ചു; 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം, ഇന്നത്തെ പവന്‍ വില അറിയാം

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് പതിനായിരം രൂപയില്‍ അധികം വര്‍ധിച്ചു.ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിക്കുന്നത് ആദ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തിയതാണ് ഇന്നത്തെ പൊടുന്നനെയുള്ള വിലക്കയറ്റത്തിന് കാരണം. ഇനിയുള്ള ദിവസങ്ങളില്‍ ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാകും വില വ്യത്യാസം വരിക.സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഇതുവരെ ആറ് ശതമാനമായിരുന്നു. അഞ്ച് ശതമാനം ചുങ്കവും ഒരു ശതമാനം സെസും. ഇനി മുതല്‍ നികുതി പത്ത് ശതമാനമാക്കി ഉയര്‍ത്തി. സെസ് അഞ്ച് ശതമാനവും. മൊത്തം പതിനഞ്ച് ശതമാനമായി നികുതി ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ സ്വര്‍ണവിലയില്‍ 9 ശതമാനം വര്‍ധനവ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 10200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഓരു ഗ്രാമിന് 1275 രൂപയും. ഇത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. സമാനമായ വിലമാറ്റം മറ്റു കാരറ്റ് സ്വര്‍ണത്തിലുമുണ്ടായിട്ടുണ്ട്. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഇന്ന്. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 3200 രൂപയുമായി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ഔണ്‍സ് സ്വര്‍ണത്തിന് 4702 ഡോളറാണ് വില.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 15390, പവന്‍ വില 123120

18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12640, പവന്‍ വില 101120

14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9845, പവന്‍ വില 78760

9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6345, പവന്‍ വില 50760 രൂപ.

ഇന്ന് 10000 രൂപയില്‍ അധികം പവന്‍ വിലയില്‍ ഉയര്‍ച്ച ഉണ്ടായി എന്നതുകൊണ്ട് എല്ലാ ദിവസവും സമാനമായ വിലക്കയറ്റമുണ്ടാകില്ല. നികുതി വര്‍ധനവിലെ വില മാറ്റമാണ് ഇന്ന് പ്രകടമായത്. ഇനിയുള്ള ദിവസങ്ങളില്‍ വിപണിയിലെ മാറ്റത്തിന് അനുസരിച്ചാകും വില. ആഗോള വിപണിയില്‍ സ്വര്‍ണവില താഴുന്നതിനാല്‍ നേരിയ വ്യത്യാസം വരാനും സാധ്യതയുണ്ട്.
Previous Post Next Post