ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തില്‍ 82 റണ്‍സിനാണ് ഗുജറാത്ത് വിജയിച്ചത്.ഗുജറാത്ത് ഉയർത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 86 റണ്‍സില്‍ ഓള്‍ഔട്ടായി. 19 റണ്‍സെടുത്ത നായകൻ പാറ്റ് കമ്മിൻസിനും 16 റണ്‍സെടുത്ത സലില്‍ അറോറയ്ക്കും 14 റണ്‍സെടുത്ത ഹെൻറിച്ച് ക്ലാസണും മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡയും ജേസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം എടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സെടുത്തത്.സായ് സുദർശന്റെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സായ് സുദർശൻ 61 റണ്‍സും വാഷിംഗ്ടണ്‍ സുന്ദർ 50 റണ്‍സുമാണെടുത്തത്. നിഷാന്ത് സിന്ധു 22 റണ്‍സെടുത്തു.
ഹൈദരാബാദിന് വേണ്ടി പ്രഫുല്‍ ഹിഞ്ചെയും സാക്കിബ് ഹുസെയ്നും രണ്ട് വിക്കറ്റ് വീതം നേടി. നായകൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ ലീഗ് ടേബിളില്‍ ഗുജറാത്ത് ഒന്നാമതെത്തി. 12 മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന് 16 പോയിന്റാണുള്ളത്. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണുള്ളത്.