അവർ ഇപ്പോഴും ചർച്ചയിൽ തന്നെ; മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ എട്ടാം നാള്‍; ദില്ലിയില്‍ അവസാനവട്ട ചര്‍ച്ചകള്‍, കേരള നേതാക്കളുമായി ഒന്നൊന്നായി ചര്‍ച്ച നടത്തി രാഹുല്‍

കേരളത്തില്‍ മുഖ്യമന്ത്രിയാരാകണമെന്നത് നിശ്ചയിക്കാൻ ദില്ലിയില്‍ അവസാനവട്ട ചർച്ചകള്‍. കെപിസിസി മുന്‍ അധ്യക്ഷന്മാരെയും മുതിര്‍ന്ന നേതാക്കളെയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും കണ്ട് രാഹുല്‍ ഗാന്ധി അഭിപ്രായം തേടി.

ചേരി തിരിഞ്ഞുള്ള ശക്തി പ്രകടനത്തിന്‍റെ സാഹചര്യം ആരാഞ്ഞ രാഹുല്‍ ഗാന്ധി, എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ശ്രമം നടന്നോയെന്നും അന്വേഷിച്ചതായാണ് സൂചന. മല്ലികാർജുൻ ഖർഗെയുമായി രാഹുല്‍ ച‍ർച്ച നടത്തിയ ശേഷം നാളെ പ്രഖ്യാപനം വന്നേക്കും.

ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്‍പില്‍ നിലപാട് പറഞ്ഞ നേതാക്കളെ ഒരിക്കല്‍ കൂടി വിളിച്ചുവരുത്തി മനസ് അറിയുകയായിരുന്നു രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ രാവിലെ പതിനൊന്നര മുതല്‍ കൂടിക്കാഴ്ച തുടങ്ങി. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആദ്യ ഊഴം. പിന്നാലെ കെ സുധാകരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എപി അനില്‍ കുമാര്‍ എന്നിവരെയും രാഹുല്‍ കണ്ടു. ഒന്നര മണിക്കൂറുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി. പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ നടന്ന ശക്തിപ്രകടനത്തെ കുറിച്ച്‌ രാഹുല്‍ ചോദ്യങ്ങള്‍ ആരാഞ്ഞു. ആരായിരുന്നു പ്രതിഷേധക്കാരുടെ പിന്നില്‍, നടപടികള്‍ ആസൂത്രിതമായിരുന്നോ, ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആക്ഷേപം ശരിയാണോയെന്നും രാഹുല്‍ അന്വേഷിച്ചതായാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എന്താണ് മാര്‍ഗമെന്നാരാഞ്ഞ രാഹുല്‍ ഗാന്ധി ഇപ്പോള്‍ മത്സരരംഗത്തുള്ള മൂന്ന് പേരില്‍ ആര്‍ക്കൊപ്പമാണെന്നും മുമ്പിലെത്തിയ നേതാക്കളോട് ചോദിച്ചതയാണ് വിവരം. എംഎല്‍എമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തുയരുന്ന ജനവികാരം പരിഗണിക്കണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബംഗലൂരുവിലെ പരിപാടികള്‍ റദ്ദാക്കിയാണ് മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തുന്നത്. നേതാക്കളുമായുള്ള കൂടിക്കാഴ്തയുടെ വിവരങ്ങള്‍ രാഹുല്‍ ഖര്‍ഗെയെ ധരിപ്പിക്കും. ഇരുവരം ചര്‍ച്ച നടത്തിയ ശേഷം സോണിയ ഗാന്ധിയുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും പ്രഖ്യാപനം. രാഹുലിന്‍റെ മുന്നില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍,രമേശ് ചെന്നിത്തല ക്യാമ്പുകള്‍ കടുത്ത ആകാംക്ഷയിലാണ്. എംഎല്‍എമാരുടെ എണ്ണമാകുമോ, അതോ സംസ്ഥാനത്തെ പൊതു സാഹചര്യമോ, തര്‍ക്കം തീര്‍ക്കാന്‍ മൂന്നാമതൊരാളോ, പഴി കേള്‍ക്കാതെ പ്രഖ്യാപനം നടത്താന്‍ ഹൈക്കമാന്‍ഡും വിയര്‍ക്കുകയാണ്.
Previous Post Next Post