2026 ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) വിദ്യാർഥിയായ ശുഭം ഖൈർനർ അറസ്റ്റിലായി.ടെലഗ്രാമിലൂടെ 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ മാതൃകാ ചോദ്യപ്പേപ്പർ ഇയാള്‍ 15 ലക്ഷം രൂപയ്ക്ക് ഹരിയാന സ്വദേശിക്ക് വിറ്റതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 45 കടന്നു.
പരീക്ഷയില്‍ വന്ന ചോദ്യങ്ങളുമായി 95 മുതല്‍ 100 ശതമാനം വരെ സാമ്യമുള്ള മാതൃകാ ചോദ്യപ്പേപ്പറുകള്‍ വാട്സാപ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി മുൻകൂട്ടി വ്യാപകമായി പ്രചരിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കൈയെഴുത്ത് രൂപത്തില്‍ പ്രചരിച്ച ഈ ചോദ്യപ്പേപ്പറിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ സിബിഐ ഉള്‍പ്പെടെയുള്ള ഏജൻസികള്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
"കൈപ്പടയിലെ യഥാർഥ ചോദ്യപ്പേപ്പർ ആദ്യം ലഭിച്ച ആളെ കണ്ടെത്താൻ സാധിച്ചാല്‍ ചോർച്ചയുടെ ഉറവിടത്തിലേക്ക് എത്താനാകും. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് കണ്ടെത്തുക എളുപ്പമല്ലെ"ന്ന് പേര് വെളിപ്പെടുത്താൻ തയാറാകാത്ത അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ചോദ്യപ്പേപ്പർ ചോർച്ചയില്‍ സിബിഐ ഔദ്യോഗികമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, ചോർച്ചയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണ ഏജൻസികള്‍ തമ്മില്‍ വ്യത്യസ്ത വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.
രാജസ്ഥാൻ പൊലീസിന്റെ സ്പെഷല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) ചോദ്യപ്പേപ്പർ നാസിക്കിലെ പ്രിന്റിങ് പ്രസില്‍ നിന്നാകാമെന്ന് സംശയിക്കുമ്പോള്‍, ടെലഗ്രാം വഴിയാണ് നാസിക്കിലെ വിദ്യാർഥികള്‍ക്ക് ചോദ്യങ്ങള്‍ ലഭിച്ചതെന്നും പുണെയില്‍ നിന്നുള്ള വിദ്യാർഥികളാണ് ഇത് കൈമാറിയതെന്നും നാസിക് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നു.
രാജസ്ഥാനിലെ സീക്കർ മേഖലയാണ് കേസിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അന്വേഷണസംഘം തിരിച്ചറിഞ്ഞിരിക്കുന്നത്. മത്സരപരീക്ഷാ പരിശീലന കേന്ദ്രമായി പ്രശസ്തമായ ഈ പ്രദേശത്തുനിന്നാണ് ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചുള്ള ആദ്യ സൂചന നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്കും പൊലീസിനും ലഭിച്ചതെന്നാണ് റിപ്പോർട്ട്.