നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്‌കര്‍ കൊടും ക്രിമിനല്‍. ആദ്യ ഭാര്യ ആമിനയേയും അഷ്‌കര്‍ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്താന്‍ വരെ ശ്രമിക്കുകയും ചെയ്തു.തല ചുവരില്‍ ഇടിപ്പിക്കുകയും രണ്ട് ചെവിയും അടച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു. അബോധാവസ്ഥയിലായപ്പോള്‍ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അഷ്‌കറിന്റെ മര്‍ദ്ദനമേറ്റ ആമിന പതിനെട്ടാം വയസില്‍ കോമയിലായി. രണ്ട് വര്‍ഷമായി ചികിത്സയിലാണ് ആമിന.
ആമിനയുടെ തല അഷ്‌കര്‍ ഭിത്തിയില്‍വെച്ച് ഇടിക്കുമായിരുന്നു എന്ന് മാതാവ് ഷൈല റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'വയറ്റില്‍ ചവിട്ടിയിരുന്നു. ഇതെല്ലാം ചെയ്യുന്നത് അഷ്‌കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്നായിരുന്നു. ശാരീരികവും മാനസികവുമായ പീഡനമാണ് മകള്‍ നേരിട്ടത്. മരണശയ്യയിലായപ്പോള്‍ അവളെ ബാപ്പ പോയി കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയില്‍ എത്തിച്ചു. വീട്ടില്‍ കൊണ്ടുവന്ന ദിവസം മൂക്കില്‍ ഇടിച്ച് രക്തം ഒഴുകുന്ന നിലയിലായിരുന്നു. 2024ലെ ചെറിയ പെരുന്നാളിനാണ് ഈ സംഭവം. അതിന് രണ്ട് ദിവസം മുന്‍പ് മകള്‍ വീട്ടില്‍ വന്നിരുന്നു. രണ്ട് ദിവസം നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ 'പോയില്ലെങ്കില്‍ അവര്‍ അടിക്കും' എന്നാണ് പറഞ്ഞത്. അവള്‍ പേടിച്ച് വീട്ടിലേക്ക് പോയി. പിന്നെ മകളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതോടെ വാപ്പ അന്വേഷിക്കാന്‍ പോകുകയായിരുന്നുവെന്നും ആമിനയുടെ മാതാവ് പറഞ്ഞു.