സര്‍വീസില്‍ നിന്ന് 12,360 പേര്‍ പടിയിറങ്ങുന്നു; മേയ് 31-ലെ 'കൂട്ടവിരമിക്കല്‍' ഇത്തവണയും; യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കണ്ണ് നട്ട് ജീവനക്കാര്‍.

സംസ്ഥാനത്ത് ഇത്തവണയും മേയ് 31-ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. വിവിധ വകുപ്പുകളിലെ ജീവനക്കാരും അധ്യാപകരുമുള്‍പ്പെടെ ആകെ 12,360 പേരാണ് ഞായറാഴ്ചയായ ഇന്ന് സർവീസില്‍ നിന്നും വിരമിക്കുന്നത്.ജനനസർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന് മുൻപുള്ള കാലത്ത്, സ്കൂള്‍ രേഖകളിലും മറ്റും പലരുടെയും ജനനത്തീയതി മേയ് 31 എന്ന് രേഖപ്പെടുത്തിയതാണ് ഈ തീയതിയിലെ കൂട്ടവിരമിക്കലിന് പ്രധാന കാരണം.

അതേസമയം, പുതിയ സർക്കാർ പെൻഷൻ പ്രായം ഉയർത്താൻ തയ്യാറാകുമെന്ന വലിയ പ്രതീക്ഷയിലാണ് സർവീസ് സംഘടനകള്‍. എല്‍.ഡി.എഫ്. സർക്കാരിന്റെ അവസാന ബജറ്റിന് മുൻപ് വിരമിക്കല്‍ പ്രായം 56-ല്‍ നിന്ന് കൂട്ടണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അതംഗീകരിച്ചിരുന്നില്ല. എന്നാല്‍, വരാനിരിക്കുന്ന ബജറ്റില്‍ ജീവനക്കാർക്ക് 'വിസ്മയങ്ങള്‍' ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുള്ളത് ജീവനക്കാരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ജൂണ്‍ 19-നാണ് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ശമ്പളവർധന, ഉറപ്പായ പെൻഷൻ പദ്ധതി എന്നിവയില്‍ അനുകൂലമായ തുടർനടപടികള്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ കണക്കുകൂട്ടല്‍. നിലവില്‍ രണ്ടു ശതമാനം ഡി.എ കുടിശ്ശികയുണ്ട്. ഇതനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും.

നിലവില്‍ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാർ 60-ാം വയസ്സിലാണ് വിരമിക്കുന്നത്. സംസ്ഥാനത്താകെയുള്ള 5.23 ലക്ഷം ജീവനക്കാരില്‍ പകുതിയോളം പേർ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. മുൻ എല്‍.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ഉറപ്പായ പെൻഷൻ പദ്ധതിയിലും വിരമിക്കല്‍ പ്രായം 60 തന്നെയാണ്. എന്നാല്‍, 2013 ഏപ്രിലിന് മുൻപ് നിയമനം ലഭിച്ചവർ 56-ാം വയസ്സില്‍ തന്നെ വിരമിക്കണം. ഈ സാഹചര്യത്തില്‍, വിരമിക്കല്‍ പ്രായം എല്ലാ ജീവനക്കാർക്കും 60 വയസ്സായി ഏകീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ശമ്പളപരിഷ്കരണത്തിനായി മുൻ എല്‍.ഡി.എഫ്. സർക്കാർ നിയമിച്ച കമ്മിഷന്റെ പ്രവർത്തനം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ കമ്മിഷനെ നിയമിച്ചപ്പോള്‍ മൂന്നുമാസത്തെ കാലാവധിയാണ് അനുവദിച്ചിരുന്നത്. ഈ കാലാവധി മേയ് 23-ന് അവസാനിച്ചു. കാലാവധി ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. വരാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയേക്കുമെന്നാണ് കരുതുന്നത്.

ഇതിനുപുറമേ, ഉറപ്പായ പെൻഷൻ പദ്ധതി നടപ്പാക്കാൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അതിനായുള്ള ചട്ടങ്ങള്‍ രൂപവത്കരിച്ചിരുന്നില്ല. ഈ പദ്ധതി തന്നെയാണ് പുതിയ യു.ഡി.എഫ്. സർക്കാരും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ ഉടൻ തന്നെ ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടി വരും. ഇക്കാര്യത്തിലും ജൂണ്‍ 19-ലെ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Previous Post Next Post