കെ-ടെറ്റ് ഫലം നീളുന്നു; നെറ്റ്, പിഎച്ച്‌ഡിക്കാര്‍ക്കു തിരിച്ചടി!

സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന്റെ ഫലം പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നത് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു.
നെറ്റ്, ജെആർഎഫ്, പിഎച്ച്‌ഡി തുടങ്ങിയ ഉയർന്ന യോഗ്യതകള്‍ ഉള്ളവർക്കുപോലും സ്കൂള്‍ അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ പുതിയ സർക്കാർ ഉത്തരവാണ് തിരിച്ചടിയാകുന്നത്.

ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷാ ഫലം നാല് ആഴ്ചയ്ക്കുള്ളില്‍ വരേണ്ടതാണ്. എന്നാല്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സ്കൂള്‍ തുറക്കാൻ അധികദിവസം ഇല്ലാത്ത സാഹചര്യത്തില്‍ സ്കൂളുകളില്‍ അപേക്ഷ സമർപ്പിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇവർ നേരിടുന്നത്.

മുമ്പ് നെറ്റ്, സെറ്റ്, എംഎഡ്, എംഫില്‍, പിഎച്ച്‌ഡി എന്നിവയുള്ളവരെ കെ-ടെറ്റില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ നിയമമനുസരിച്ച്‌ ഈ യോഗ്യതകള്‍ ഉള്ളവരും പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ പഠിപ്പിക്കാൻ കെ-ടെറ്റ് പാസാകണം.

ഫലം വൈകുന്നതു മൂലം ഈ വിഭാഗത്തിലുള്ളവർക്കും ജോലിയില്‍ പ്രവേശിക്കാനോ പ്രമോഷൻ നേടാനോ കഴിയാത്ത സാഹചര്യമാണ്. വരാനിരിക്കുന്ന അധ്യയനവർഷത്തിലെ സർക്കാർ, എയ്ഡഡ് സ്കൂള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കെ-ടെറ്റ് നിർബന്ധമാണ്.

വർഷങ്ങളായി പരീക്ഷയ്ക്കായി തയാറെടുക്കുന്ന പ്രായപരിധിയുടെ അവസാനഘട്ടത്തിലുള്ള ഉദ്യോഗാർഥികള്‍ക്ക് ഫലം വൈകുന്നത് വലിയ പ്രഹരമാണ്. ഈ അവസരം നഷ്ടമായാല്‍ പലർക്കും സർക്കാർ ജോലി എന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും.

സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടക്കാറുള്ള ഗസ്റ്റ് അധ്യാപക നിയമനങ്ങളില്‍ കെ-ടെറ്റ് യോഗ്യതയുള്ളവർക്കാണ് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികളെ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കേണ്ടി വരുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നതൊടൊപ്പം നിരവധി പേരുടെ ജോലി സാധ്യതയാണ് നഷ്ടമാകുന്നത്.
Previous Post Next Post