തമിഴ്നാട് രാഷ്ട്രീയത്തില്‍ ദ്രാവിഡ കക്ഷികളുടെ ആധിപത്യം തകർത്ത് അധികാരം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ പിന്തുണ നല്‍കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു.
ബിജെപിയുടെയോ എൻഡിഎ സഖ്യകക്ഷികളുടെയോ പിന്തുണ തേടരുത് എന്ന കർശന നിബന്ധനയോടെയാണ് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിജയ് സർക്കാരിന് പിന്തുണ നല്‍കാൻ ധാരണയായത്. ബിജെപി ഭരണത്തിന് അവസരം നല്‍കില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ അനുമതിയോടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
നാളെ രാവിലെ 11:30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി വിജയ് ഗവർണർക്ക് കത്ത് നല്‍കി. ചെന്നൈ പട്ടിനമ്പാക്കത്തെ വസതിയില്‍ ചേർന്ന എംഎല്‍എമാരുടെ യോഗത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപമായി. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയാണ് രാഷ്ട്രീയ അരങ്ങേറ്റത്തില്‍ തന്നെ വിജയ് തമിഴ്നാടിനെ അമ്പരപ്പിച്ചത്. ആറ് പതിറ്റാണ്ടുകാലം തമിഴ് രാഷ്ട്രീയം ഭരിച്ച ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളെ തറപറ്റിച്ചാണ് ടിവികെയുടെ ഈ കുതിപ്പ്. കോണ്‍ഗ്രസിന് പുറമെ മറ്റ് ചില ചെറുകക്ഷികളും സർക്കാരിന്റെ ഭാഗമായേക്കുമെന്ന് സൂചനയുണ്ടെങ്കിലും അവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.