മന്ത്രിസഭ രൂപീകരണത്തിനുള്ള ചർച്ചകള്‍ കോണ്‍ഗ്രസ് വളരെ വേഗത്തിലാക്കിയിരിക്കുകയാണ്. കെപിസിസി ആസ്ഥാനത്ത് ഇതിനായുള്ള സുപ്രധാന ചർച്ചകള്‍ നടന്നു വരുന്നു.നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പാർട്ടി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അടക്കം കോണ്‍ഗ്രസില്‍ നിന്ന് 12 പേരായിരിക്കും മന്ത്രിസഭയില്‍ ഉണ്ടാവുക. ചർച്ചകളില്‍ പങ്കെടുക്കാൻ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കളും കെപിസിസി ഓഫീസില്‍ എത്തിയിട്ടുണ്ട്.
നിലവില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഏഴുപേർ മന്ത്രിസ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനില്‍കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍.
അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിം ലീഗ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഏതെല്ലാം വകുപ്പുകള്‍ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം, ചർച്ചകള്‍ തുടരുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അഞ്ചാമത്തെ മന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന്, അത് യുഡിഎഫ് തീരുമാനിക്കുമെന്ന പൊതുവായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഒരു മന്ത്രിസ്ഥാനവും മറ്റൊരു പ്രധാന പദവിയും നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്. ചർച്ചകള്‍ തുടരുമെന്ന് മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, തൊഴില്‍ വകുപ്പ് വേണ്ടെന്ന് വ്യക്തമാക്കിയ ആർഎസ്പിക്ക് പകരം ഏത് വകുപ്പ് നല്‍കുമെന്നതിലും ചർച്ച നടക്കുന്നുണ്ട്. ജലവിഭവ വകുപ്പിലാണ് ആർഎസ്പിയുടെ കണ്ണ്. കേരള കോണ്‍ഗ്രസുമായുള്ള ചർച്ചകള്‍ക്ക് ശേഷം ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കാർഷിക വകുപ്പ് നിർദേശിച്ചെങ്കിലും കേരള കോണ്‍ഗ്രസ് അത് നിരസിക്കുകയായിരുന്നു.
എല്ലാ ജില്ലകള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്നാണ് മുസ്ലിം ലീഗ് എംഎല്‍എമാരുടെ ആവശ്യം. കോഴിക്കോട്, കാസർകോട് ജില്ലകളെ ചൊല്ലിയാണ് നിലവില്‍ തർക്കം നിലനില്‍ക്കുന്നത്. ഇതിനിടെ, കാസർകോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കില്‍ അത് ജില്ലയിലെ വോട്ടർമാരെ അവഹേളിക്കുന്നതിന് തുല്യമായിരിക്കുമെന്നും കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ ചർച്ച ചെയ്ത് ഇതില്‍ ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.