അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎല്‍എ, എംപി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർ പാഡുകള്‍, വിവിധ മെഡിക്കല്‍ ലാബുകളുടെ വ്യാജ രേഖകള്‍, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ബ്ലാങ്ക് വ്യാജ ലെറ്റർ പാഡില്‍ ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയാറാക്കി രോഗികളുടെയും വൃക്കദാതാവിന്റെയും പേരും വിലാസവും രേഖപ്പെടുത്തി, പിസിസി ലഭിക്കുന്നതിനായി പോലീസിന്റേതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലെറ്ററുകളും കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ചിത്രപ്പുഴ-പോഞ്ഞാശേരി റോഡരികില്‍ പ്രവർത്തിക്കുന്ന സൈൻ എച്ച്‌ഡി ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡില്‍ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജരേഖകള്‍, ബ്ലാങ്ക് ലെറ്റർ പാഡുകള്‍, സീലുകള്‍ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്.
വടക്കേക്കരയിലെ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എറണാകുളത്തെ ഒരു ആശുപത്രിയില്‍നിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയില്‍ പെരിങ്ങാല ഭാഗത്തുള്ള അപ്പാർട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ വ്യാജരേഖകളും വ്യാജ മുദ്രകളും ഹാർഡ് ഡിസ്കുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ശ്രീജ, സുധീർ എന്നിവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജരേഖകള്‍ കണ്ടെത്തി.