ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 7 വിക്കറ്റിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു.38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. ജോഷ് ഇംഗ്ലിസ് 32 പന്തില്‍ 36 റണ്‍സെടുത്തപ്പോള്‍ നിക്കോളാസ് പുരാനും(17 പന്തില്‍ 32) മുകുള്‍ ചൗധരിയും(10 പന്തില്‍ 13) ചേര്‍ന്ന് ലക്നൗവിനെ വിജയവര കടത്തി. അവസാന നാലോവറില്‍ 24 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ നാലു പന്തുകളും സിക്സിന് പറത്തി നിക്കോളാസ് പുരാന്‍ ലക്നൗവിന് തകര്‍പ്പൻ ജയം സമ്മാനിച്ചു. നേരത്തെ മിച്ചല്‍ മാര്‍ഷും കാംബോജിനെ തുടര്‍ച്ചയായി നാലു സിക്സുകള്‍ക്ക് പറത്തിയിരുന്നു.
തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്‍ ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു. 12 കളികളില്‍ 12 പോയിന്‍റുള്ള ചെന്നൈ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായി രാജസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ സീസണിലെ നാലാം ജയം നേടിയ ലക്നോ അവസാന സ്ഥാനത്ത് തന്നെയാണ്. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 187-5, ലക്നോ സൂപ്പര്‍ ജയന്‍റ്സ് 16.4 ഓവറില്‍ 188-3.