നീറ്റ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈൻ: വിദ്യാഭ്യാസ മാഫിയയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ചോദ്യപേപ്പർ ചോർച്ചയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, നീറ്റ്-യുജി പരീക്ഷയില്‍ നിർണ്ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ.അടുത്ത വർഷം മുതല്‍ നീറ്റ് പരീക്ഷകള്‍ കമ്പ്യൂട്ടർ അധിഷ്ഠിതമായി (സിബിടി) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ക്രമക്കേടുകളെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂണ്‍ 21ന് വീണ്ടും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായും വിദ്യാഭ്യാസ മാഫിയയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകള്‍ നടപ്പിലാക്കിയിട്ടും എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു," വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്രവേശന പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിർത്താൻ പരീക്ഷ റദ്ദാക്കുകയല്ലാതെ സർക്കാരിന് മറ്റു വഴികളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരപരീക്ഷകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പണക്കൊഴുപ്പിലൂടെ ഒരാള്‍ക്കും മറ്റൊരാളുടെ സീറ്റ് തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. നിർഭാഗ്യകരമായ ഈ സംഭവത്തില്‍ തങ്ങള്‍ക്കും വിഷമമുണ്ടെന്നും എന്നാല്‍ തെറ്റുകളില്ലാത്ത പരീക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ രീതിയില്‍ സുപ്രധാന മാറ്റവും മന്ത്രി പ്രഖ്യാപിച്ചു. അടുത്ത വർഷം മുതല്‍ നീറ്റ്-യുജി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. ചോദ്യപേപ്പർ ചോർച്ച തടയാനും പരീക്ഷാ സുരക്ഷ ശക്തമാക്കാനുമാണ് ഈ നീക്കം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് സിബിഐ ഊർജിതമായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പരീക്ഷാ മാഫിയയ്‌ക്കെതിരായ പോരാട്ടത്തിലാണെന്നും ഇത്തവണത്തെ പുനഃപരീക്ഷയില്‍ ക്രമക്കേടുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വിദ്യാർത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.
Previous Post Next Post