മസാജ് സെന്ററിലെത്തിയ യുവാവിനെ മര്‍ദ്ദിച്ച്‌ മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനുംകോട്ടയം സ്വദേശിയായ 2 സ്ത്രീകളും പിടിയില്‍.


തിരൂർ എറ്റിരിക്കടവിലെ മസാജ് സെന്ററില്‍ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി മർദ്ദിക്കുകയും സ്വർണ്ണവും പണവും കവരുകയും ചെയ്ത സംഭവത്തില്‍ ഉടമയും രണ്ട് വനിതാ ജീവനക്കാരും പോലീസ് പിടിയിലായി.

തിരുവനന്തപുരം സ്വദേശിയായ ഉടമ സൗദ്, ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി, ഓച്ചിറ സ്വദേശി വീണ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തലക്കാട് സ്വദേശിയായ മനോജ് കഴിഞ്ഞ ദിവസം രാത്രി 'ഓറ വെല്‍നെസ് സെന്ററില്‍' മസാജിനായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ഈ സംഭവം അരങ്ങേറിയത്.

മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടൻ യുവാവിന്റെ ഫോട്ടോ പകർത്തി. ഇതുകാണിച്ച്‌ 2 ലക്ഷം രൂപ നല്‍കണമെന്നും വെള്ളക്കടലാസില്‍ ഒപ്പിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു.

പണം നല്‍കാൻ വിസമ്മതിച്ചതോടെ പ്രതികള്‍ മനോജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കഴുത്ത് ഞെരിക്കുകയും കയ്യില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത ശേഷം ഒന്നര പവന്റെ സ്വർണ്ണമാല, 28,500 രൂപ, മോട്ടോർ സൈക്കിള്‍, പവർ ബാങ്ക് എന്നിവ പ്രതികള്‍ കവർന്നെടുത്തു. വിരലിലെ മോതിരം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ മനോജ് തിരൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ ഡിവൈഎസ്പി കെ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയും സൗദിന്റെ പക്കല്‍ നിന്നും കവർന്ന സ്വർണ്ണമാലയും ബൈക്കും കണ്ടെത്തുകയും ചെയ്തു. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സൗദും സംഘവും ഹണിട്രാപ്പിലൂടെ യുവാവിനെ കുടുക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചു എന്ന പരാതിയില്‍ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നിലവില്‍ റിമാൻഡ് ചെയ്തു.

Previous Post Next Post