ഇടുക്കി തൊടുപുഴയില്‍ പശുക്കളെ മോഷ്ടിച്ച് കടത്തിയയാള്‍ പിടിയില്‍. വണ്ണപ്പുറം പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗത്തിന്റെ ഭർത്താവായ മുഹമ്മദ് നിയാസിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തൊടുപുഴ, വണ്ണപ്പുറം മേഖലയില്‍ പശുക്കള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ക്ഷീരകർഷകർ പലതവണ പരാതി നല്‍കിയിട്ടും മോഷ്ടാവിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് തൊടുപുഴ ഈസ്റ്റ് കലൂരില്‍ നിന്ന് രണ്ട് പശുക്കളെ മോഷ്ടിച്ച മുഹമ്മദ് നിയാസ് പിടിയിലായത്. നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാട് കുഴല്‍മന്ദത്തെ കാലി ചന്തയില്‍ എത്തിച്ച് വിറ്റെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പശുക്കളെ വിറ്റ് കിട്ടിയ പണം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മോഷണം നടന്ന സ്ഥലങ്ങളില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാള്‍ക്ക് കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടെന്നാണ് സംശയം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്ക് ആയി പ്രാദേശിക ലീഗ് നേതാക്കള്‍ ഒത്തുതീർപ്പിന് ശ്രമം നടത്തിയെന്ന് ആരോപണം ഉണ്ട്.