ജയ്പൂർ :ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാംപാദത്തിലും അവരെ തീര്‍ത്തിരിക്കുകയാണ്.ഇത്തവണ റോയല്‍സിന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ റിയാന്‍ പരാഗിനെയും സംഘത്തെയും അഞ്ചു വിക്കറ്റിനാണ് ഓറഞ്ച് ആര്‍മി തകര്‍ത്തുവിട്ടത്.
സീസണില്‍ അവരുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ ആര്‍ആറിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ നാലില്‍ നിന്നും മൂന്നിലേക്കും എസ്‌ആര്‍എച്ച് ഉയര്‍ന്നു. 229 റണ്‍സിന്റെ ലക്ഷ്യമാണ് എസ്‌ആര്‍എച്ചിനു റോയല്‍സ് നല്‍കിയത്. ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മയുടെയും അഗ്രസീവ് ഫിഫ്റ്റികള്‍ അവരുടെ ജയം എളുപ്പമാക്കി.
31 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമടക്കം ഇഷാന്‍ അടിച്ചെടുത്തത് 74 റണ്‍സാണ്. അഭിഷേക് 29 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടക്കം 57 റണ്‍സുമടിച്ചു.
രണ്ടാം വിക്കറ്റില്‍ ഇഷാന്‍- അഭിഷേക് സഖ്യം 55 ബോളില്‍ വാരിക്കൂട്ടിയ 132 റണ്‍സാണ് എസ്‌ആര്‍എച്ചിന്റെ ജയം എളുപ്പമാക്കിയത്. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി (18 ബോളില്‍ 36), ഹെന്‍ട്രിച്ച് ക്ലാസെന്‍ (24 ബോളില്‍ 29) എന്നിവരുടെ പ്രകടനം 18.3 ഓവറില്‍ അഞ്ചു വിക്കറ്റിന് എസ്‌ആര്‍എച്ച് ജയവും പൂര്‍ത്തിയാക്കി