തൃശ്ശൂരില്‍ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ വലയില്‍ കുടുങ്ങി മരിച്ചു!

വല്ലക്കുന്നിലെ ചെമ്മീൻചാലില്‍ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ വലയില്‍ കുടുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശി എം.എസ്.അച്ചു ആണ് അപകടത്തില്‍പ്പെട്ടത്. പഠനാവശ്യത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അച്ചു. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചെമ്മീൻ വലയില്‍ കുടുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഇവർ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തത്. നിലവില്‍ ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Previous Post Next Post