മലയാളി അധ്യാപികയ്ക്കു നേരെ വിദ്യാർത്ഥിയുടെ മർദ്ദനം!

ആലപ്പുഴ :ക്ലാസില്‍ വീഡിയോ ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി.മാലദ്വീപിലെ സ്‌കൂളിലാണ് മലയാളിയായ അധ്യാപികയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്.
വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യ സ്മിത എന്‍.പിള്ളയ്‌ക്കാണ് (35) മൂക്കിനു ഗുരുതരമായി പരുക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപില്‍ ഗഫ് ധാല്‍ അടോള്‍ സ്‌കൂളിലെ അധ്യാപികയാണ് സ്മിത. ക്ലാസ് നടക്കവെ വിദ്യാര്‍ത്ഥി ഗെയിം കളിക്കുന്നത് വിലക്കിയതോടെയാണ് ആക്രമണം.പരിക്കേറ്റ സ്മിതയ്‌ക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
ക്ലാസ് നടക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് സ്മിതയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും വിദ്യാർത്ഥി അനുസരിക്കാത്തതിനാല്‍ സംഭവം വിഡിയോയില്‍ പകർത്തി പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് അധ്യാപിക പറഞ്ഞു. ഇതോടെ പ്രകോപിതനായ വിദ്യാർത്ഥി സ്മിതയുടെ ഫോണ്‍ പിടിച്ചെറിഞ്ഞ ശേഷം മുഖത്ത് തുടർച്ചയായി മർദിച്ചതായി ഭർത്താവ് ദീപക് ശശി അറിയിച്ചു.
രക്തസ്രാവം മൂലം ബോധംകെട്ട് വീണ സ്മിതയെ സഹപ്രവർത്തകർ ചേർന്ന് അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നല്‍കി. മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Previous Post Next Post