പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; പോലീസ് അന്വേഷണം ശക്തമാക്കി

പേട്ട റെയില്‍വേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഉടൻ തന്നെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും വഞ്ചിയൂർ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വഞ്ചിയൂർ പോലീസും ആർപിഎഫും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് നായ്ക്കളും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗികളുടെയും സന്ദർശകരുടെയും പട്ടിക പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെടുത്ത വെടിയുണ്ടകള്‍ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവയുടെ കാലപ്പഴക്കം, നിർമാണ വിവരങ്ങള്‍ എന്നിവ കണ്ടെത്താനായി വെടിയുണ്ടകള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

ആശുപത്രിയില്‍ മുൻപ് ചികിത്സയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ അശ്രദ്ധമായി ഉപേക്ഷിച്ചു പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും ബോധപൂർവം വെടിയുണ്ടകള്‍ ഇവിടെ കൊണ്ടുവെച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യവും വഞ്ചിയൂർ പോലീസ് ഗൗരവമായി പരിശോധിക്കുന്നു.
Previous Post Next Post