IPL 2026: എല്‍എസ്ജിക്കു ബാറ്റിങ് ദുരന്തം: ജയിച്ചുകയറി റോയല്‍സ്

ഐപിഎല്ലില്‍ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം.ഈ സീസണിലെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയിലേക്കു വീണിരിക്കുകയാണ് അവര്‍. മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനോടു 40 റണ്‍സിന്റെ പരാജയമാണ് എല്‍എസ്ജിക്കു നേരിട്ടത്.

ജയിക്കാമായിരുന്ന മല്‍സരമാണ് ബാറ്റിങ് നിരയുടെ ഫ്‌ളോപ്പ് ഷോ കാരണം എല്‍എസ്ജി കളഞ്ഞുകുളിച്ചത്. കാരണം വെറും 160 റണ്‍സ് മാത്രമേ അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ, ഈ ടോട്ടല്‍ ലഖ്‌നൗ അനായാസം ചേസ് ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു.
ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് (55) സീസണിലെ ആദ്യ ഫിഫ്റ്റിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെ 18 ഓവറില്‍ വെറും 119 റണ്‍സിനു എല്‍എസ്ജിയുടെ പോരാട്ടവും അവസാനിച്ചു. 41 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. നിക്കോളാസ് പൂരന്‍ (22), ഹിമ്മത്ത് സിങ് (15) എന്നവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

മൂന്നോവറിനുള്ളില്‍ തന്നെ എല്‍എസ്ജി മൂന്നു വിക്കറ്റിനു 11 റണ്‍സിലേക്കു തകര്‍ന്നു. അവിടെ നിന്നൊരു തിരിച്ചുവരവും അവര്‍ക്കു നടത്താനായില്ല. ആയുഷ് ബഡോനി (ഗോള്‍ഡന്‍ ഡെക്ക്), ക്യാപ്റ്റന്‍ റിഷഭ് (0), എയ്ഡന്‍ മാര്‍ക്രം (0) തുടങ്ങിയവരെല്ലാം ഡെക്കായതാണ് ലഖ്‌നൗവിനെ തുടക്കത്തില്‍ തന്ന ബാക്ക്ഫൂട്ടിലാക്കിയത്.

നാലാം വിക്കറ്റില്‍ മാര്‍ഷ്-പൂരന്‍ ജോടി 41 ബോളില്‍ 43 റണ്‍സെടുത്തപ്പോള്‍ എല്‍എസ്ജിക്കു നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പൂരന്‍ വീണ ശേഷം പിന്നീട് വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. റോയല്‍സിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകളെടുത്തു. നാന്ദ്രെ ബര്‍ഗറും ബ്രിജേഷ ശര്‍മയും രണ്ടു വീതം വിക്കറ്റുകളും പിഴുതു.
Previous Post Next Post