രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: 'തടഞ്ഞത് ജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍, പാലക്കാട് കാറ്റ് മാറിവീശും': കെ സി വേണുഗോപാല്‍

പാലക്കാട് വടക്കന്തറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

രമേഷ് പിഷാരടി ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ ബിജെപി പ്രവർത്തകർ തടഞ്ഞതെന്ന് കെ. സി. വേണുഗോപാല്‍ പ്രതികരിച്ചു. അസഹിഷ്ണുത കൊണ്ടാണ് തടയുന്നത്. ജനാധിപത്യത്തില്‍ ബിജെപി പരാജയത്തിന്റെ രുചിയറിഞ്ഞു എന്നതിന്റെ തെളിവാണിത്.

പാലക്കാട്‌ ജില്ലയിലാകെ കാറ്റ്‌ മാറി വീശും. പി. വി. അൻവർ വ്യക്തിഹത്യ ചെയ്യുന്നു എന്ന മുഹമ്മദ്‌ റിയാസിന്റെ പരാതിയില്‍ ആരാണ് വ്യക്തിഹത്യ ചെയ്യുന്നത് എന്ന് റിയാസ് വീട്ടില്‍ പോയി അന്വേഷിച്ചാല്‍ അറിയാമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. ഫണ്ട് വിവാദത്തില്‍ പറയാനുള്ളത് നേരത്തേ പറഞ്ഞുവെന്ന് പറഞ്ഞ് കെ. സി. വേണുഗോപാല്‍ ഒഴിഞ്ഞുമാറി.

ഇന്നലെ പാലക്കാട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയില്‍ വച്ചാണ് ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ താൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബിജെപി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു. ബിജെപി കൗണ്‍സിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകരാണ് പിഷാരടിയെ തടഞ്ഞത്.
Previous Post Next Post