തലസ്ഥാന നഗരത്തില്‍ എല്‍ഡിഎഫ് സ്ഥാപിച്ച പരസ്യബോർഡുകള്‍ ഉപയോഗിച്ച് യുഡിഎഫ് പ്രചാരണം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നഗരത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം സഹിതം വലിയ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച് "എല്‍ഡിഎഫ് അല്ലാതെ മറ്റാര് " എന്ന വാചകം ഉപയോഗിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. ഇതിനിടയിലാണ് ഇതേ ഫ്ലക്സ് ബോർഡുകള്‍ തന്നെ യുഡിഎഫ് പ്രവർത്തകരും പ്രചാരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
എല്‍ഡിഎഫ് ബോർഡുകള്‍ക്ക് താഴെ നടപ്പാതയില്‍ "സ്വർണം കട്ടത് ആരപ്പാ ? ഉത്തരം അറിയാൻ മുകളിലേക്ക് നോക്കൂ " എന്ന് രേഖപ്പെടുത്തിയ പോസ്റ്റർ പതിപ്പിച്ചാണ് പുതിയ പ്രചാരണം. ഈ പോസ്റ്ററില്‍ ചവിട്ടി നിന്ന് നോക്കിയാല്‍ എല്‍ഡിഎഫിന്‍റെ പ്രചാരണ ബോർഡില്‍ "എല്‍ ഡി എഫ് അല്ലാതെ മറ്റാര് " എന്ന് എഴുതിയത് കാണാം എന്നതാണ് പ്രത്യേകത. സ്റ്റാച്ച്‌യുവിലടക്കം നഗരത്തില്‍ പലേടത്തും ഇത്തരം പോസ്റ്ററുകള്‍ പതിപ്പിച്ച് ഇതിന്‍റെ ദൃശ്യങ്ങള്‍ യുഡിഎഫ് അനുകൂല പ്രൊഫൈലുകളിലൂടെ പ്രചരിപ്പിച്ചു കൂടുതല്‍ പേരെ ആകർഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.