ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.
ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന് നിർദേശം നൽകി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്നുപറന്നത്.
കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റർ ഉയരത്തിൽവരെ താഴ്ന്നുപറന്നു. നാലുപേർ കോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെറെ ദൃശ്യങ്ങൾ പകർത്തി എന്നും റിപ്പോർട്ടുണ്ട് .
30 സെക്കൻഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു.
ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കൽവരെയുള്ള പ്രദേശങ്ങളും.