ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ. തീരുമാനമാകും വരെ ചർച്ചയാകാമെന്ന് അദ്ദേഹം പറഞ്ഞു. സംസാരിച്ചാലേ റിസൾട്ട് ഉണ്ടാകൂ എന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച ഫലം വരുന്നതിനു മുമ്പേ നടക്കുന്നത് ഇതാദ്യമായിട്ടല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി ചർച്ചകൾ നേരത്തേയും നടന്നിട്ടുണ്ട്. അതെസമയം ഈ വിഷയത്തിൽ വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിർദ്ദേശിച്ച് നേരത്തെ കെ സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിൽ സുധാകരനെതിരെ പാര്‍ട്ടിയിൽ വിമര്‍ശനം ഉയരുന്നുണ്ട്. അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിലും വലിയ ആക്രമണങ്ങളുണ്ടായി. എന്നാൽ നിലപാടിൽ നിന്ന് അദ്ദേഹം പിന്നാക്കം പോയിട്ടില്ലെന്ന് പുതിയ പ്രസ്താവന വ്യക്തമാക്കുന്നു. 'മുഖ്യമന്ത്രി ചർച്ചകൾ നടക്കട്ടെ. ചർച്ചകൾ നടന്നാലല്ലേ തീരുമാനങ്ങൾ വരൂ. തീരുമാനം വന്നാലല്ലേ കാര്യങ്ങൾ നടക്കൂ' എന്നായിരുന്നു ചോദ്യങ്ങളോട് സുധാകരന്റെ മറുപടി. 'കേരളത്തിൽ ഇതിന് മുമ്പൊന്നും തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ? തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ചർച്ച തുടങ്ങാറില്ലേ? പുതിയ പത്രക്കാർക്ക് അത് അറിയില്ല. പാരമ്പര്യം ഇല്ലാത്തവരാ ഈ വർത്തമാനം പറയുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗും മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തരാണ്. ഇത്തരം ചര്‍ച്ചകൾ അവസാനിപ്പിക്കണമെന്ന് കെപിസിസി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയേപ്പറ്റി ചർച്ച ചെയ്തതുകൊണ്ട് കാര്യമുണ്ടെന്ന് സുധാകരൻ പറഞ്ഞു. 'സംസാരിച്ചാൽ അല്ലേ റിസൾട്ട് ഉണ്ടാകുകയുള്ളൂ,' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലം വരുന്നതിന് മുമ്പ് നടത്തുന്ന ചർച്ച പാർട്ടിക്ക് ഒരു ക്ഷീണവും ചെയ്യുകയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഫലം വന്ന് ചർച്ച നടത്തുന്നവരും ഉണ്ട്, ഫലം വരുന്നതിന് മുമ്പ് ചർച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യ സംവിധാനത്തിൽ എല്ലാർക്കും അതിനൊരു വഴിയുണ്ട്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ രീതി ഇതാണെന്നും അദ്ദേഹം പറഞ്ഞു.