അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച നിതിൻ രാജിന്റെ പുതിയ സന്ദേശം പുറത്ത്. എന്തുവന്നാലും ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ.
എന്ത് പ്രയാസം വന്നാലും പഠിച്ചു തന്നെ മുന്നോട്ട് പോകുമെന്ന് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. കോളേജിലെ പ്രശ്നങ്ങളില്‍ ചില അധ്യാപകർ പിന്തുണച്ചുവെന്നും മാനസിക പ്രയാസങ്ങള്‍ വന്നാല്‍ റിപ്പോർട്ട് ചെയ്യാൻ അധ്യാപകർ പറഞ്ഞുവെന്നുമാണ് നിതിൻ സന്ദേശത്തില്‍ പറഞ്ഞത്. നിതിൻ മുൻപ് സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാല്‍ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതാണ് നിതിന്റെ ആദ്യ ശബ്ദ സന്ദേശം. സ്വന്തം അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞിരുന്നു. കണ്ണൂർ ഡെന്റല്‍ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയെന്നും നേരത്തെ ശബ്ദസന്ദേശത്തില്‍ പരാമർശിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്.