വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയോട് പക, ബന്ധു പ്രതികാരം തീര്‍ത്തത് എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ച്‌; ജീവനൊടുക്കി യുവതി.


വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ പകയില്‍ യുവതിയോട് യുവാവിന്‍റെ കൊടും ക്രൂരത. എച്ചഐവി ബാധിച്ച രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ച്‌ പ്രതികാരം തീർത്തു.

മനം നൊന്ത് യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് രമണിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച്‌ 11നാണ് മനോഹർ രമണിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിച്ച രക്തം കുത്തി വെച്ചത്. സംഭവത്തിന് ശേഷം യുവതി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മനോഹരും രമണിയും തമ്മിലുള്ള വിവാഹം നടത്താൻ മാതാപിതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു. മനോഹർ രമണിയോട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. എന്നാല്‍ യുവതി താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. ഇതിന്‍റെ പകയിലാണ് മാർച്ച്‌ 11ന് പ്രതി രമണിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി എച്ച്‌ഐവി ബാധിത രക്തം കുത്തി വെച്ചത്.

മനോഹറിന്‍റെ മാതാപിതാക്കള്‍ എച്ച്‌ഐവി രോഗബാധിതരായിരുന്നു. അതിനാല്‍ വിവാഹത്തിന് മുമ്പ് മനോഹരിന്‍റെ രക്ത പരിശോധന നടത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ മനോഹറിനെയും പരിശോധനയ്ക്ക് വിധേയനാക്കി, ഇയാള്‍ക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തില്‍ നിന്നു പിന്മാറിയത്. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം ഉണ്ടാക്കിയ മാനസിക ആഘാതമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Previous Post Next Post