മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൻറെ വിലയിരുത്തിൽ. മലപ്പുറത്തും കാസർക്കോടും സമ്പൂർണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകൾ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിൻറെ കണക്കുകൂട്ടൽ. അനുകൂല തരംഗമെങ്കിൽ 22 സീററിന് മുകളിൽ ലീഗ് നേടുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. പോളിംഗ് ശതമാനം ഉയർന്നതിൻറെ നേട്ടം യുഡിഎഫിന് തന്നെയെന്നും മുസ്ലീം ലീഗ് ഉറപ്പിക്കുന്നു.
കഴിഞ്ഞ തവണ ഇടത് തേരോട്ടമുണ്ടായിട്ടും 27 സീറ്റിൽ 15 സീറ്റ് നേടി പിടിച്ചു നിന്ന മുസ്ലീം ലീഗ് ഇത്തവണ 20 സീറ്റ് വരെ അനായാസം നേടുമെന്നാണ് നേതൃത്വത്തിൻറെ കണക്കുകൂട്ടൽ. യുഡിഎഫ് തരംഗമുണ്ടായാൽ 22ന് മുകളിലേക്കാകും സീറ്റ് നില. ലീഗ് കോട്ടയമായ മലപ്പുറം ജില്ലയിൽ പാർട്ടി മത്സരിക്കുന്ന 12 സീറ്റിലും വിജയമുറപ്പാണെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. കാസർക്കോട് ജില്ലയിൽ പാർട്ടി മത്സരിക്കുന്ന രണ്ട് സീറ്റിലും വിജയം ഉറപ്പിച്ചിട്ടുമുണ്ട്. കോഴിക്കോട് ജില്ലയിൽ വലിയ അട്ടിമറിയുണ്ടാകുമെന്നും പാർട്ടി വിലയിരുത്തുന്നു. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി, സീറ്റുകൾ തിരിച്ചുപിടിക്കാൻ കഴിയും.
ഇതിനു പുറമേ താനൂർ, കളമശ്ശേരി, സീറ്റുകളിലും വിജയ സാധ്യതയുണ്ടെന്ന് പാർട്ടി കണക്കുകൂട്ടുന്നു. യുഡിഎഫ് തംരഗമില്ലെങ്കിൽ പോലും ഈ ഏഴ് സീറ്റുകളിൽ അഞ്ചെണ്ണം ഉറപ്പെന്ന് ലീഗ് നേതൃത്വം പറയുന്നു. പേരാമ്പ്രയിലും ഗുരുവായൂരിലും കൂത്തുപറമ്പിലും ശക്തമായ പോരാട്ടം നടന്നതായാണ് വിലയിരുത്തൽ. ചേലക്കരയിലും പുനലൂരിലും അട്ടിമറി സാധ്യതയില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു. ജില്ലാ കമ്മറ്റികളിൽ നിന്നും ലഭിച്ച ബൂത്ത് തല കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലീഗിൻറെ വിലയിരുത്തൽ.
