തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റിയെത്തി; പൂരാവേശമായി ചെമ്പൂക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്.


പൂരാവേശത്തിന് ശക്തിപകർന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തി.

പഞ്ചവാദ്യമേളങ്ങളോടെയാണ് രാമനെ പൂരനഗരി വരവേറ്റത്. ഘടകപൂരമായ പനമുക്കുംപള്ളി ശാസ്‌താവും പൂരനഗരിയിലെത്തി. ചെമ്പുകാവ് ഭഗവതിയും പനമുക്കുംപള്ളി ശാസ്‌താവും പാറമേക്കാവ് ക്ഷേത്രത്തിനുമുന്നില്‍ മുഖാമുഖം നോക്കിനില്‍ക്കുന്ന ചടങ്ങ് നടന്നു. ഇരുദേവതകളും വടക്കുംനാഥനെ വണങ്ങി തെക്കേഗോപുര നടവഴി പുറത്തേയ്ക്ക് കടന്നു. രാമൻ എഴുന്നള്ളുന്നത് കാണാൻ വൻ ജനതിരക്കാണ് അനുഭവപ്പെടുന്നത്. രാമനെ കാണാനായി നാനാദേശത്തുനിന്ന് ആളുകള്‍ ഇന്നലെതന്നെ എത്തിത്തുടങ്ങിയിരുന്നു.

കണിമംഗലം ശാസ്‌താവും വടക്കുംനാഥ സന്നിധിയിലേയ്ക്ക് എഴുന്നള്ളിയെത്തി. വെയിലും മഞ്ഞും മഴയും ഏല്‍ക്കാതെ ദേവഗുരുവായ ബൃഹസ്‌പതിയാകുന്ന ശാസ്‌താവ് വടക്കുംനാഥ സന്നിധിയിലെത്തണമെന്നാണ് ഐതിഹ്യം. ഒരാനപ്പുറത്ത് കണിമംഗലത്തുനിന്ന് പുറപ്പെട്ട ശാസ്‌താവ് കുളശേരിയില്‍ നിന്ന് അഞ്ചാനപ്പുറത്തും പിന്നീട് സ്വരാജ് ഗ്രൗണ്ടിലേയ്ക്ക് കടന്നപ്പോള്‍ ഏഴാനപ്പുറത്തുമാണ് എഴുന്നള്ളി വന്നത്. വടക്കുനാഥനെ വണങ്ങാതെ, പ്രദക്ഷിണം വയ്ക്കാതെ തെക്കേ ഗോപുരം വഴി അകത്തേയ്ക്ക് കയറുന്ന ഏക പൂരമെന്ന പ്രത്യേകതയും കണിമംഗലം ശാസ്‌താവിനുണ്ട്.

ഘടകപൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേയ്ക്ക് എത്തുകയാണ്. പുലർച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തില്‍ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. മഠത്തിലെത്തിയുള്ള ചടങ്ങുകള്‍ക്കുശേഷം 11.30നു മഠത്തില്‍ നിന്ന് പുറപ്പെടും.

Previous Post Next Post