കടയില്‍ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയില്‍ നിന്നും ലഭിച്ചത് ചത്ത പാമ്പിന്‍കുഞ്ഞ്. കുടിക്കാനായി തുറന്നപ്പോള്‍ കുപ്പിയുടെ മുകള്‍ ഭാഗത്ത് തങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടത്.
കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ നിന്ന് ചെറായി സ്വദേശി ഉണ്ണിയന്‍ പുരയ്ക്കല്‍ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവര്‍ വാങ്ങിയ സോഡാകുപ്പികളില്‍ ഒന്നിലാണു പാമ്പിനെ കണ്ടത്.
കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്സ് സോഡാ കമ്പനിയില്‍ നിന്ന് എത്തിച്ച സോഡയാണ് ഇതെന്ന് കുപ്പിയില്‍ പതിച്ച സ്റ്റിക്കറില്‍ നിന്ന് മനസ്സിലായതോടെ യുവാക്കള്‍ കൊടുങ്ങല്ലൂര്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിലേക്ക് വിളിച്ച് പരാതിപ്പെട്ടു. സോഡാ കുപ്പിയുടെ വിഡിയോ വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ.എം.ബര്‍ഷാനയുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി.
അടച്ചുറപ്പില്ലാത്ത രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ചു. മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും വിതരണം ചെയ്ത സോഡ ഫാക്ടറി അധികൃതരെ കൊണ്ട് തിരിച്ചെടുപ്പിച്ച് നശിപ്പിച്ചു.