ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; പ്രസിഡന്റ് സുരക്ഷിതൻ, അക്രമി അറസ്റ്റില്‍.


അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. ഇന്നലെ രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വൈസ് പ്രസി‌ഡന്റ് ജെ ഡി വാൻസും വിരുന്നില്‍ പങ്കെടുത്തിരുന്നു.

അത്താഴ വിരുന്നിനിടെ വലിയ വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു. എട്ടോളം വെടിയൊച്ചകള്‍ കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പത്രപ്രവർത്തകർ, സെലിബ്രിറ്റികള്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവർ വിരുന്നില്‍ സന്നിഹിതനായിരുന്നു. 2600ഓളം പേർ ചടങ്ങിലുണ്ടായിരുന്നതായാണ് വിവരം.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച ട്രംപ് അക്രമി പിടിയിലായെന്നും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. 'സീക്രട്ട് സർവീസും ലോ എൻഫോഴ്‌സ്‌മെന്റും ചേ‌ർന്ന് വേഗത്തിലും ധീരമായും പ്രവർത്തിച്ചു. വെടിയുതിർത്തയാളെ പിടികൂടി. പരിപാടി തുടരട്ടെ എന്ന് ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. പക്ഷേ, പൂർണ്ണമായും ലോ എൻഫോഴ്‌സ്‌മെന്റിന്റെ മാർഗനിർദേശപ്രകാരമായിരിക്കും അത് നടക്കുക. അവർ ഉടൻതന്നെ ഒരു തീരുമാനമെടുക്കും'-അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ പ്രതിനിധികളുമായി സംസാരിച്ചതായും 30 ദിവസത്തിനുള്ളില്‍ അത്താഴവിരുന്ന് പുനഃക്രമീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

Previous Post Next Post