ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരിയെ തിരഞ്ഞെടുത്തു. ബീഹാർ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്.മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിതീഷ് കുമാർ ഇന്ന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.നിലവില്‍ രാജ്യസഭാ അംഗമായ നിതീഷ് കുമാർ, പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകുമെന്ന് എക്സിലൂടെ വ്യക്തമാക്കി. 57 കാരനായ സാമ്രാട്ട് ചൗധരി പ്രബലമായ ഒബിസി വിഭാഗമായ കുശ്വാഹ സമുദായത്തില്‍ നിന്നുള്ള നേതാവാണ്. യാദവർ കഴിഞ്ഞാല്‍ ബീഹാറിലെ ഏറ്റവും വലിയ പിന്നാക്ക സമുദായമാണിത്. ഈ സമുദായത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
2005 മുതല്‍ സംസ്ഥാന ഭരണത്തില്‍ പങ്കാളിയാണെങ്കിലും ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രിയെ ലഭിക്കുന്നത് ഇതാദ്യമാണ്. 243 അംഗ നിയമസഭയില്‍ ബിജെപിക്ക് 89 എംഎല്‍എമാരും ജെഡിയുവിന് 85 എംഎല്‍എമാരുമാണുള്ളത്. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍.