കൊച്ചി :അസമിലെയും ബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായി ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തിലെ നിർമാണ, ഉല്‍പാദന, ഹോട്ടല്‍ മേഖലകള്‍ പ്രതിസന്ധിയില്‍.
തൊഴിലാളികള്‍ ഇല്ലാതായതോടെ പല സ്ഥാപനങ്ങളും അടച്ചിടല്‍ ഭീഷണിയിലാണ്. ബംഗാള്‍ തെരഞ്ഞെടുപ്പും, ബക്രീദും കഴിഞ്ഞ് ജൂണ്‍ പകുതിയോടെ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുകയുള്ളൂവെന്നാണ് റിക്രൂട്ട്മെൻറ് ഏജൻറുമാർ പറയുന്നത്.
എസ്ഐആർ പേടിയിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പോയത്. വോട്ട് ചെയ്തില്ലെങ്കില്‍ പൗരത്വം പോലും നഷ്ടപ്പെടുമെന്ന രീതിയില്‍ നാട്ടില്‍ നിന്ന് വിളിയെത്തിയതോടെ പെട്ടെന്നായിരുന്നു മടക്കം. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ സ്ഥാപന ഉടമകള്‍ പ്രതിസന്ധിയിലായി. ചെറുകിട ഹോട്ടലുകള്‍ മുതല്‍ വലിയ കമ്പനികള്‍ വരെ ഒരേപോലെ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തില്‍ തന്നെ തൊഴിലാളികള്‍ മടങ്ങിയത് പല സ്ഥാപനങ്ങളുടെയും സ്റ്റോക്ക് പുതുക്കലിനെ ബാധിച്ചു.
കൂലി കൂടുതല്‍ വാഗ്ദാനം നല്‍കിയിട്ടും തൊഴിലാളികളെ കിട്ടാനില്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർ പറയുന്നത്. നാട്ടിലേക്ക് പോയ തൊഴിലാളികള്‍ പലരും ഫോണ്‍ എടുക്കുന്നില്ല. വരാൻ ആഗ്രഹിക്കുന്നവർക്കാകട്ടെ ട്രെയിനില്‍ ടിക്കറ്റും ലഭിക്കുന്നില്ല. 1500 രൂപയുടെ ട്രെയിൻ ടിക്കറ്റിന് 3000 രൂപ വരെ ഈടാക്കുന്നുണ്ട്. പാചക വാതക പ്രതിസന്ധി തുടരുന്നതും തൊഴിലാളികളുടെ മടങ്ങിവരവിനെ തടയുന്നുണ്ട്.
കേരളത്തിനൊപ്പം ഏപ്രില്‍ ഒമ്പതിന് അസമിലെ തെരഞ്ഞെടുപ്പും പൂർത്തിയായിട്ടുണ്ട്. അസമില്‍ നിന്നുള്ളവരെ തിരിച്ചെത്തിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഉപയോഗിച്ചും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നത്. അസമില്‍ നിന്ന് സ്പെഷല്‍ ട്രെയിൻ ഏർപ്പെടുത്തണമെന്നും ഇതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് ആവശ്യം.