തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക. ആലപ്പുഴ,പത്തനംതിട്ട, കൊല്ലം,കോട്ടയം, ഇടുക്കി ജില്ലകളിൽ അൾട്രാ വയലറ്റ് സൂചിക എട്ട് യുവി രേഖപ്പെടുത്തി. ചൂടിന്റെ തീവ്രതയിൽ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ, ജലാശയം, മണൽ പ്രതലങ്ങൾ എന്നിവിടങ്ങളിൽ യുവി സൂചിക ഉയർന്നതായിരിക്കും.
സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ചൊവ്വാഴ്ച വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. പത്തനംതിട്ടയിൽ 36 ഡിഗ്രി സെൽഷ്യസ് ആയേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.