ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു!

ഡൽഹി :ഐപിഎല്ലില്‍ ദല്‍ഹി കാപിറ്റല്‍സ് മുന്നില്‍ വച്ച്‌ 265 റണ്‍സ് ലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിയാക്കി പഞ്ചാബ് കിങ്‌സ് മറികടന്നു.
പഞ്ചാബിന്റെ ഈ തകര്‍പ്പന്‍ ആഹ്ലാദത്തിലും തിളക്കം മങ്ങാതെ ദല്‍ഹി ഓപ്പണര്‍ രാഹുലിന്റെ റിക്കാര്‍ഡ് തിളക്കം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് നേടിയത് 264 റണ്‍സ്. പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ 265 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി പുറത്താകാതെ നിന്ന് സെഞ്ചുറി നേടിയ രാഹുല്‍ ഐപിഎല്ലില്‍ ഭാരത താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടി റിക്കാര്‍ഡിട്ടു. കഴിഞ്ഞ സീസണില്‍ അഭിഷേക് ശര്‍മ സ്ഥാപിച്ച 141 റണ്‍സിന്റെ റിക്കാര്‍ഡ് മറികടന്ന രാഹുല്‍ 67 പന്തുകളില്‍ പുറത്താകാതെ നേടിയത് 152 റണ്‍സ്. 16 ബൗണ്ടറികളും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു ഭാരത താരം 150ന് മേല്‍ സ്‌കോര്‍ ചെയ്യുന്നത്. രാഹുലിനൊപ്പം 91 റണ്‍സെടുത്ത് നിതീഷ് റാണയും ദല്‍ഹിക്കായി ഗംഭീര പ്രകടനം പുറത്തെടുത്തു. ഡേവിഡ് മില്ലര്‍ (മൂന്ന്) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി പ്രിയാന്‍ഷ് ആര്യയും(43) പ്രഭ്‌സിമ്രാന്‍ സിങ്ങും(76) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് കടിഞ്ഞാണ്‍ ഏറ്റെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(പുറത്താകാതെ71) അപരാജിതനായി നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രേയസിനൊപ്പം ശശാങ്ക് സിങ്(19) പുറത്താകാതെ നിന്നു. നിഹാല്‍ വധീര 25 റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നുള്ള വിജയത്തോടെ ഇത്തവണ ഇതുവരെ തോക്കാത്ത ടീം എന്ന മേന്മ നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്‌സിന് സാധച്ചു. കെ.എല്‍. രാഹുല്‍ ആണ് മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Previous Post Next Post