ഇടുക്കി :മദ്യലഹരിയില്‍ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെയാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി മകനെ തുടരെ ആക്രമിക്കുകയായിരുന്നു. പതിനഞ്ചു വയസുകാരനായ മകനാണ് ആക്രമണത്തിന് ഇരയായത്.മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മർദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉടൻ തന്നെ നജീബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.