സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേയ്ക്ക് 13 കോടി ചെലവായെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ കണക്ക് നല്‍കി.
20 കോടി അനുവദിച്ചതില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്.
ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിയും ചെലവായി. വികസന പ്രവർത്തനങ്ങളില്‍ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയില്‍ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്.
ഏകദേശം 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വോളണ്ടിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്.
ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയില്‍ സർവേ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നല്‍കുകയും ചെയ്തു