ഗ്യാസ് ബുക്കിങ്ങില്‍ മെയ് 1 മുതല്‍ അടിമുടി മാറ്റം.

പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ ഗ്യാസ് ബുക്കിങ്ങിലും അടിമുടി മാറ്റം.
മെയ് 1 മുതല്‍ രാജ്യത്തെ എല്‍പിജി ഉപഭോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികള്‍, വിലനിർണ്ണയം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ആഗോള ഊർജ വിപണിയിലുണ്ടായ അനിശ്ചിതത്വം കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ വിതരണ സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികള്‍.

ഇന്ത്യൻ ഓയില്‍, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നിവയും പുതിയ ഡെലിവറി, ബുക്കിങ് നിയമങ്ങളെക്കുറിച്ച്‌ ചർച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബുക്കിങ് ഇടവേളകളില്‍ മാറ്റം

പുതിയ പരിഷ്കാരം അനുസരിച്ച്‌ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇനി ഓരോ ബുക്കിങ്ങിനും ഇടയില്‍ 25 ദിവസം കാത്തിരിക്കണം (നേരത്തെ 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളില്‍ ഇത് 45 ദിവസമായി ഉയർത്തി.രണ്ട് സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് ഒരു സിലിണ്ടർ വാങ്ങി അടുത്തത് ബുക്ക് ചെയ്യാൻ 35 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.

ഒടിപി അധിഷ്ഠിത ഡെലിവറി

സിലിണ്ടർ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാൻ Delivery Authentication Code (DAC) അഥവാ OTP സംവിധാനം മെയ് 1 മുതല്‍ കൂടുതല്‍ കർശനമാക്കും. ഗ്യാസ് എത്തുമ്പോള്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ സിലിണ്ടർ ലഭിക്കൂ.

ഇ-കെവൈസി നിര്‍ബന്ധം

ആധാർ അധിഷ്ഠിത ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് ബുക്കിംഗില്‍ തടസ്സങ്ങള്‍ നേരിടാൻ സാധ്യതയുണ്ട്. സബ്സിഡി മുടങ്ങാതിരിക്കാൻ ഇത് വേഗത്തില്‍ പൂർത്തിയാക്കേണ്ടതാണ്.

പിഎൻജിയിലേക്കുള്ള മാറ്റം

ഗാർഹിക ആവശ്യങ്ങള്‍ക്കായി എല്‍പിജി സിലിണ്ടറുകള്‍ക്ക് പകരം പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) ഉപയോഗിക്കുന്നതിലേക്ക് മാറാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. നിലവില്‍ പിഎൻജി ഉപയോഗിക്കുന്നവർക്ക് അവരുടെ നിലവിലുള്ള എല്‍പിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് വിലക്കുണ്ട്. കൂടാതെ ഇവർക്ക് പുതിയ എല്‍പിജി കണക്ഷനുകള്‍ക്കായി അപേക്ഷിക്കാനും കഴിയില്ല.

മാർച്ച്‌ അവസാന വാരത്തില്‍ പുറത്തിറക്കിയ സർക്കാർ ഉത്തരവില്‍ കൂടുതല്‍ കർശനമായ വ്യവസ്ഥകളാണുള്ളത്. ഒരു പ്രദേശത്ത് പിഎൻജി സൗകര്യം ലഭ്യമായിട്ടും ആ വീട്ടുകാർ അങ്ങോട്ട് മാറാൻ തയ്യാറായില്ലെങ്കില്‍, മൂന്ന് മാസത്തിന് ശേഷം അവർക്കുള്ള എല്‍പിജി വിതരണം നിർത്തലാക്കും.

2026 മാർച്ച്‌ മുതല്‍ ഏകദേശം 5.45 ലക്ഷം പിഎൻജി കണക്ഷനുകള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. 2.62 ലക്ഷം കണക്ഷനുകള്‍ക്കുള്ള ഇൻഫ്രാസ്ട്രക്ചർ കൂടി തയ്യാറായതോടെ ആകെ കണക്ഷനുകളുടെ എണ്ണം 8.07 ലക്ഷമായി ഉയർന്നു. ഏകദേശം 6.14 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുകള്‍ക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിലുള്ള പ്രതിസന്ധിക്കിടയിലും ഗാർഹിക എല്‍പിജി , ഗാർഹിക പിഎൻജി, ഗതാഗത മേഖലയ്ക്കുള്ള സിഎൻജി എന്നിവയുടെ 100% വിതരണവും ഉറപ്പാക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. വാണിജ്യ മേഖലയില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഫാർമ, സ്റ്റീല്‍, ഓട്ടോമൊബൈല്‍സ്,കൃഷി തുടങ്ങിയ മേഖലകള്‍ക്കുമാണ് മുൻഗണന നല്‍കിയിരിക്കുന്നത്. കൂടാതെ, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോ സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കുകയും ചെയ്തു.
Previous Post Next Post