പശ്ചിമ ബംഗാള്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ്.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ്.രാവിലെ 9 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 18.39% വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളിലെ 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍, വോട്ടെടുപ്പ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപകമായ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂർ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ മമത ബാനർജി കേന്ദ്രസേനയുടെ ഇടപെടലുകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭയപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍, ജനങ്ങള്‍ ഭയമില്ലാതെ വോട്ട് ചെയ്യണമെന്നും അക്രമത്തിന് പിന്നില്‍ ടിഎംസി ആണെന്നും സുവേന്ദു അധികാരി തിരിച്ചടിച്ചു.

അക്രമ സംഭവങ്ങള്‍ക്കിടയിലും വോട്ടർമാരുടെ ആവേശത്തിന് കുറവില്ല. വടക്കൻ 24 പർഗാനാസ്, നാദിയ തുടങ്ങിയ ജില്ലകളിലെ ബൂത്തുകള്‍ക്ക് മുന്നില്‍ പുലർച്ചെ മുതല്‍ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി ലക്ഷക്കണക്കിന് കേന്ദ്രസേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.
Previous Post Next Post