തിരുവല്ല നഗര മധ്യത്തിലെ ഫ്ലാറ്റിലെ മുറിക്കുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് കുട്ടികള്‍ക്ക് അഗ്നിശമനസേന രക്ഷകരായി.
പുഷ്പഗിരി റോഡില്‍ സ്ഥിതി ചെയ്യുന്ന ഇൻറർനാഷണല്‍ ഗാർഡൻ സ്ക്വയറിലെ 602 -ാം നമ്പർ ഫ്ലാറ്റിലെ മുറിയില്‍ കുടുങ്ങിയ കുട്ടികളെയാണ് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആയ നമിത തരകൻ്റെ മക്കളായ മൂന്നു വയസ്സുകാരി നസ്രിയയും ഒരു വയസ്സുകാരൻ മിഖായേലും ആണ് മുറിക്കുള്ളില്‍ കുടുങ്ങി പോയത്.
ചൊവ്വാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കളിക്കുന്നതിനായി മുറിക്കുള്ളില്‍ കയറിയ കുട്ടികളില്‍ മൂത്ത ആളായ നസ്രിയ മുറിക്കുള്ളില്‍ നിന്നും വാതില്‍ അകത്തുനിന്നും ലോക്ക് ചെയ്യുകയായിരുന്നു. തുറക്കാനാവാതെ വന്നതോടെ കുട്ടികള്‍ ബഹളം വെച്ചു. സംഭവമറിഞ്ഞ് സമീപ നിവാസികളും സ്ഥലത്ത് എത്തി.
തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നിശമനസേനാ അംഗങ്ങള്‍ ഡോറിന്റെ ലോക്ക് പൊളിക്കുന്ന ഷിയസ് എന്ന ഉപകരണം ഉപയോഗിച്ച് വാതില്‍ പൊളിച്ച് കുട്ടികളെ പുറത്തെത്തിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥരായ ശ്രീനിവാസ് , സൂരജ് മുരളി, അനില്‍ കുമാർ, മുഗേഷ് കുമാർ, ശ്രീദാസ് , രാഹുല്‍ , ആകാശ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവർത്തനം.