'ജി സുധാകരന്റെത് ചെറ്റത്തരം; കെ സുധാകരന്റെത് നല്ല സമീപനം; തളിപ്പറമ്പില്‍ പികെ ശ്യാമളയെക്കാള്‍ നല്ല സ്ഥാനാര്‍ഥിയില്ല'



കൊച്ചി: പാർട്ടി വിട്ട ജി സുധാകരൻ കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ നിഘണ്ടുവിൽ അതിന് പകരം മറ്റൊരുവാക്കില്ല. അദ്ദേഹം കാണിച്ചത് വഞ്ചനയാണെന്നും ജി സുധാകരൻ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരനെതിരെ പിണറായിയുടെ രൂക്ഷവിമർശനം. കെ സുധാകരൻ സ്വീകരിച്ച പാർട്ടിക്ക് വിധേയനായ രീതി നല്ലതാണെന്നും തളിപ്പറമ്പിൽ പികെ ശ്യാമള നല്ല സ്ഥാനാർഥിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



പലരും രണ്ട് ടേമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതിൽ ഒരാളാണ് സുധാകരൻ. അദ്ദേഹത്തിന് എന്തോ പ്രത്യേകത ഉണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്. പാർട്ടിക്ക് മുൻഗണന നൽകുന്ന കാര്യത്തിൽ കെ സുധാകരൻ സ്വീകരിച്ചതാണ് നല്ല നിലപാട്. ഹൈക്കമാൻഡ് തീരൂമാനം അദ്ദേഹം അംഗീകരിച്ചു. സ്ഥാനാർഥിത്വം കിട്ടാത്തതുമായി പല അഭ്യൂഹങ്ങളും നാട്ടിൽ പരന്നെങ്കിലും താൻ പാർട്ടിക്ക് വിധേയനാണെന്ന് അദ്ദേഹം പറഞ്ഞു. അത് നല്ലകാര്യമാണ്. അതാണ് പാർട്ടിക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ജി സുധാകരൻ കാണിച്ചത് എത്ര വലിയ ചെറ്റത്തരമാണ്. അതിന് വേറെ വാക്കില്ല തന്റെ നിഘണ്ടുവിൽ. വഞ്ചനയക്ക് ഇതിൽപ്പരം വിശേഷണം വേറെയുണ്ടോ. എത്രവലിയ പാതകമാണ് അദ്ദേഹം ചെയ്തത്. ഗൂഢാലോചന നടത്തി മറ്റൊരുഭാഗത്തിന്റെ സ്ഥാനാർഥിയായി എത്തുകയായിരുന്നു. പാർട്ടിക്ക് അദ്ദേഹത്തെ പറ്റി നല്ല വിശ്വാസം ഉണ്ടായിരുന്നു. ഉറച്ച പാർട്ടിക്കാരനായതുകൊണ്ട് മറ്റൊരുതരത്തിലേക്ക് പോകുമെന്ന് കരുതിയില്ല. എന്നാൽ ആ ഘട്ടത്തിലൊക്കെ ഇതിനുവേണ്ടിയുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


തളിപ്പറമ്പിൽ ഒരു വനിത മത്സരിക്കട്ടെയെന്ന് പാർട്ടി തീരുമാനിച്ചത്. അവിടെ അതിന് പറ്റിയ ആരെന്ന് പരിശോധിച്ചപ്പോൾ നല്ല സ്ഥാനാർഥിയായി എല്ലാവരും പറഞ്ഞത് പികെ ശ്യാമളെയെയാണ്. ഒരു ആലോചനയിൽപ്പോലും ടികെ ഗോവിന്ദന്റെ പേര് ആരും പറഞ്ഞില്ല. അതിന് വല്ലാതെ കെറുവിക്കേണ്ട കാര്യമുണ്ടോ. ടികെ ഗോവിന്ദന്റെ അധപതനത്തിൽ പാർട്ടി ലജ്ജിക്കുകയാണ്.


കഴിഞ്ഞ പത്തുവർഷം എല്ലാം കൊണ്ടും തൃപ്തികരമാണ്. ജനങ്ങൾ ഈ പത്തുവർഷക്കാലം നല്ല കാലമായിട്ടാണ് കണക്കാക്കുന്നത്. അവർക്ക് പ്രധാനം ശാന്തിയും സമാധാനവുമാണ്. നല്ല സമാധാനപരമായ വർഷങ്ങളാണ് ഉണ്ടായത്. പാർട്ടി എന്താണോ ആഗ്രഹിക്കുന്നത് അത് സ്വീകരിക്കുക എന്നതാണ് തങ്ങളുടെ നില. മറ്റുള്ളവരുടെ അഭിപ്രായത്തിന് വിധേയനാകുകയാണ് താൻ ചെയ്യുന്നത്. എല്ലാകാലവും അതാണ് ചെയ്യുന്നത്. പാർട്ടിയിൽ ആരും അപ്രമാദിയായി പ്രവർത്തിക്കുന്നില്ല. മുഖ്യമന്ത്രിയെ പാർട്ടിയെ തിരുത്തിയിട്ടുണ്ടോയെന്ന് ജനം അറിയേണ്ടതില്ല. അത് ഉൾപ്പാർട്ടി ചർച്ചയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post